കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ കാലടി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. വാഴേലി ഫൈസലിനെതിരെയാണ് കാലടി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
നാട്ടുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന ഗ്രൂപ്പ് അംഗത്തിന്റെ പരാതിയിലാണ് നടപടി. കോൺഗ്രസ് പ്രവർത്തകരും പരാതിയുമായി രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ടെന്ന പരാതിയിൽ കഴിഞ്ഞ ദിവസം കോഴിക്കോട് ബേപ്പൂർ സ്വദേശി നിതിൻ കക്കേടത്തിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു നിതിന്റെ കമന്റ്. പൊതു സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് കമന്റിട്ടതെന്നാണ് എഫ്ഐആറിലെ ആരോപണം. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗത്തിന്റെ പരാതിയിലായിരുന്നു നടപടി.






