ഡൽഹി: യാത്രയ്ക്കിടെ പരിചയപ്പെട്ട സഹതൊഴിലാളിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന ആരോപണത്തില്‍ യുവതിക്കെതിരെ അന്വേഷണം.
മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. കാണാതായ പെണ്‍കുട്ടിയെ പൊലീസ് സമയോചിതമായി ഇടപെട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സുരക്ഷിതമായി കണ്ടെത്തി മാതാപിതാക്കളെ തിരികെ ഏല്‍പ്പിച്ചു. കുഞ്ഞിനെ മണ്ഡലയിലേക്ക് കൊണ്ടുപോകാനായിരുന്നു യുവതിയുടെ പദ്ധതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സിസിടിവി ദൃശ്യങ്ങള്‍ തെളിവായി
ജബല്‍പുരിലെ ഗൗരിഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മണ്ഡല സ്വദേശിയായ യുവതി ജബല്‍പുരില്‍ തൊഴില്‍ തേടിയെത്തിയതായിരുന്നു. ഇവിടെ വെച്ച് മറ്റൊരു തൊഴിലാളിയായ സ്ത്രീയുമായി ഇവർ പരിചയത്തിലായി. ഈ പരിചയം മുതലെടുത്താണ് അവരുടെ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുഞ്ഞിനെ കാണാതായതോടെ അമ്മ പൊലീസില്‍ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് സംഘം ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പരാതി സംബന്ധിച്ച ചില നിർണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മുഖം മറച്ച നിലയില്‍ ഒരു കൈയില്‍ ബാഗും ഒക്കത്ത് കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടിപ്പോകുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ നഗരത്തിലെ വിവിധ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു.
കൂടുതല്‍ അന്വേഷണമെന്ന് പോലീസ്
അന്വേഷണത്തിനിടെ കുട്ടിയുമായി യുവതി മണ്ഡലയിലേക്ക് പോകാൻ പദ്ധതിയിടുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി. ഒടുവില്‍ ജബല്‍പുർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവതിയെ പോലീസ് കണ്ടെത്തുകയായിരുന്നു. ട്രെയിനില്‍ കയറി ജബല്‍പുർ വിടുന്നതിന് മുമ്പുതന്നെ കുട്ടിയെ പൊലീസ് സുരക്ഷിതമായി വീണ്ടെടുത്തു.
കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. ജബല്‍പുർ സിറ്റി പൊലീസ് സൂപ്രണ്ട് (CSP) എംഡി നഗോട്ടിയ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളുടമായി പങ്കുവച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും കുഞ്ഞിനെ എന്തിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്നും ഇവർ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏതെങ്കിലും സംഘത്തിലെ ആണാണോയെന്ന് പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു.






