കോട്ടയം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പ്രത്യേകിച്ചും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ചർച്ച നടത്തിയ മുഖ്യമന്ത്രി വിഡി സതീശൻ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അടിയന്തര നിർദ്ദേശം നൽകിയിരിക്കുന്നത്. അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയിൽ പി സി വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യൂ മന്ത്രി സംസ്ഥാനതല ഏകോപനം നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.






