ഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ രൂപമായ 'വിബി- ജി റാം ജി'യില്‍ കൂടുതല്‍ തൊഴിലുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച് കേന്ദ്രം.
ഉപജീവനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ജലസുരക്ഷ, ദുരന്തനിവാരണ സജ്ജീകരണം എന്നിവക്ക് മുൻഗണന നല്കി 375 ജോലികള്‍ക്ക് കേന്ദ്രസർക്കാർ അംഗീകാരം നല്കി. മുൻ പദ്ധതിയിലെ തൊഴിലുകളേക്കാള്‍ 41 ശതമാനം വർധനവാണുണ്ടായത്.ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, തീവ്ര കാലാവസ്ഥ സാഹചര്യങ്ങളെയും ദുരന്തങ്ങളെയും നേരിടുന്നതിനുള്ള പ്രത്യേക ജോലികള്‍ എന്നിങ്ങനെയാണ് ജോലികളെ തരംതിരിച്ചതെന്ന് ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. 28 തൊഴിലുകള്‍ ജലസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. 111 എണ്ണം പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുമായും 98 ജോലികള്‍ ഉപജീവന അടിസ്ഥാന സൗകര്യങ്ങളുമായും 38 എണ്ണം ദുരന്തനിവാരണ സജ്ജീകരണങ്ങളുമായും ബന്ധപ്പെട്ടവയാണ്.
ജലസംരക്ഷണ-ജലസേചന സംവിധാനങ്ങള്‍, ഗ്രാമീണ ആരോഗ്യ-സാമൂഹിക സൗകര്യങ്ങള്‍, കാർഷികോല്പന്ന സംസ്കരണ യൂനിറ്റുകള്‍, ശീതീകരണ-സംഭരണ സൗകര്യങ്ങള്‍, വെള്ളപ്പൊക്ക സംരക്ഷണ പ്രവർത്തനങ്ങള്‍ എന്നിവ വിപുലീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്നു.ഉപജീവനവുമായി ബന്ധപ്പെട്ട ജോലികള്‍ മുൻപദ്ധതിയില് 1.1 ശതമാനം മാത്രമായിരുന്നു. പുതിയ പദ്ധതിയില്‍ ആകെ ജോലികളുടെ 26 ശതമാനം ഉപജീവനവുമായി ബന്ധപ്പെട്ടാണ്. കാർഷികോല്പന്നങ്ങള് വൃത്തിയാക്കുന്നതിനും തരംതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള യൂനിറ്റുകള്‍, ധാന്യം പൊടിക്കല്‍ കേന്ദ്രങ്ങള്‍, മാർക്കറ്റ് യാർഡുകള്‍, ക്ഷീരവികസന സൗകര്യങ്ങള്‍, കൂണ് കൃഷി ഷെഡുകള്‍, മത്സ്യകൃഷി സംവിധാനങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. സ്വയം സഹായ സംഘങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലന-നൈപുണ്യ വികസന കേന്ദ്രങ്ങള്‍ എന്നിവയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രങ്ങള്‍, ബണ്ടുകള്‍ ബലപ്പെടുത്തല്‍, വെള്ളപ്പൊക്ക സംരക്ഷണം, ദുരന്താനന്തരം ഗ്രാമീണ റോഡുകളും പൊതുസൗകര്യങ്ങളും പുനഃസ്ഥാപിക്കല്‍, കാട്ടുതീ നിയന്ത്രണ നടപടികള്‍ എന്നിവയുള്‍പ്പെടെ 38 പ്രവർത്തനങ്ങള്‍ ഈ വിഭാഗത്തിലുള്പ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.
181 പ്രവർത്തനങ്ങള്‍ കൃഷിയും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടവയാണ്. ഇതില്‍ 52 എണ്ണം വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള പദ്ധതികളാണ്. 'അന്ത്യോദയ'വിഭാഗത്തില്‍പ്പെട്ടവർക്കും ദുർബല വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള 107 പ്രവർത്തനങ്ങളും പട്ടികയിലുണ്ട്. ഇവയില്‍ 68 എണ്ണം വ്യക്തിഗത ഗുണഭോക്താക്കള്ക്കുള്ളതാണ്.
സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള 36 വീതം പ്രവർത്തനങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.






