കോഴിക്കോട്: ഇന്ത്യൻ എംബസികളുമായി വേഗത്തില്‍ ബന്ധപ്പെടാനുള്ള സംവിധാനം സാധാരണക്കാർക്ക് ഒരുക്കാൻ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തില്‍ തീരുമാനമായി.
പ്രവാസികള്‍ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ ഇടവേളകളില്‍ ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വേഗത്തില്‍ തീർപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടർ എം.എസ്. മാധവിക്കുട്ടി സമിതിയെ അറിയിച്ചു.
പ്രവാസി ക്ഷേമനിധി പെൻഷൻ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പെൻഷൻ ലഭിക്കുന്നതിലെ കാലതാമസം, ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷകള്‍ സമയബദ്ധമായി തീർപ്പാക്കാത്തത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. നോർക്ക സാന്ത്വനം പദ്ധതിവഴി നിലവില്‍ നല്‍കിവരുന്ന 50,000 രൂപയുടെ ചികിത്സാസഹായം വർധിപ്പിക്കണമെന്നും ചികിത്സാസഹായവും മരണാനന്തര സഹായധനവും സമയബദ്ധമായി അനുവദിക്കണമെന്നും പ്രവാസി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി 70 വയസ്സായി ഉയർത്തണമെന്നും നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായധനം നല്‍കണമെന്നും വിവിധ കാരണങ്ങളാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ അവ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും യോഗത്തില്‍ ആവശ്യമുയർന്നു.
സമിതിചെയർമാൻ പാറക്കല്‍ അബ്ദുള്ള എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ എം.എല്‍.എ.മാരായ കെ.എം. അഭിജിത്ത്, പഴകുളം മധു, മുഹമ്മദ് മുഹസിൻ, എം. വിൻസെന്റ്, സേവ്യർ ചിറ്റിലപ്പിള്ളി, നോർക്ക കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം. ജയശ്രീ, എ.ഡി.എം. കെ. ഷെറീന, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.






