ന്യൂഡൽഹി: ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ഭേദഗതി ബിൽ കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു.
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. നിലവിൽ ദേശീയഗാനമായ 'ജനഗണമന' ആലപിക്കുന്നത് തടസപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യുന്നതിനെതിരെയുള്ള നിയമത്തിലാണ് ഭേദഗതി നിർദേശിച്ചിരിക്കുന്നത്. ഇതോടെ 'വന്ദേമാതര'ത്തിനും അതേ നിയമപരിരക്ഷ ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
ദേശീയ ചിഹ്നങ്ങളെയും ദേശീയഗീതങ്ങളെയും അപമാനിക്കുന്നതിനെതിരെയുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
എല്ലാ ഔദ്യോഗിക ചടങ്ങുകളിലും 'വന്ദേമാതരം' ആലപിക്കണമെന്ന നിർദേശം സർക്കാർ നേരത്തെ നൽകിയിരുന്നു. ഇത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നവർക്കെതിരെ പുതിയ നിയമപ്രകാരം കർശന നടപടി സ്വീകരിക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്.






