തിരുവനന്തപുരം: കേരളത്തിലേക്ക് രണ്ട് പുതിയ വന്ദേഭാരത് സർവീസുകള്‍ കൂടി ലഭിക്കുമെന്ന സൂചന നല്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
വന്ദേഭാരത് സ്ലീപ്പർ ട്രെയിനാണ് ഇനി വരികയെന്നും എത്രയും പെട്ടെന്ന് ഇത് സാദ്ധ്യമാകുമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എറണാകുളം - ബംഗളുരു വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആക്കി ഉയർത്തിയതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ മൂന്ന് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ സർവീസ് നടത്തുന്നത്. കാസർകോട് - തിരുവനന്തപുരം, മംഗലാപുരം- തിരുവനന്തപുരം, എറണാകുളം - ബംഗളുരു എന്നിവയാണവ. ഇതിന് പുറമെയാണ് രണ്ടെണ്ണം കൂടി വരാൻ പോകുന്നത്. രാത്രിയാത്ര എളുപ്പമാക്കാനാണ് ബംഗളുരുവില്‍ നിന്ന് സ്ലീപ്പർ ട്രെയിൻ ആരംഭിക്കുന്നത്. ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട് എറണാകുളം വഴി നാഗർകോവിലിലേക്ക് ആയിരിക്കും സർവീസ്. ഇത് സാദ്ധ്യമായാല്‍ തിരുവനന്തപുരം - ബംഗളുരു വന്ദേഭാരത് വേണമെന്ന ആവശ്യത്തിനും പരിഹാരമാകും. പൂജയ്ക്കോ ക്രിസ്മസിനോ സ്ലീപ്പർ എത്തുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.






