തൊടുപുഴ: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നില്‍ ഏക്കറുകണക്കിന് സർക്കാർ ഭൂമി മാഫിയ കൈയടക്കി. തെറ്റായ നടപടിയിലൂടെ സമ്പാദിച്ച പട്ടയത്തിന്റെ മറവിലാണ് 80 കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം കൈവശപ്പെടുത്തിയത്.
2012ല്‍ സർക്കാർ ബോർഡ് വച്ച് റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയാണ് വീണ്ടും കൈയേറിയത്. വാഗമണ്ണിൻറെ പ്രത്യേകതയായ മൊട്ടക്കുന്നിലാണ് ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലം കൈയേറ്റ മാഫിയ സ്വന്തമാക്കിയത്.
വാഗമണ്ണിലെ ഇൻഡോസ്വിസ് പ്രൊജക്ട് അവസാനിച്ചപ്പോള്‍ സ്ഥലം കെഎല്‍ഡി ബോർഡ്, വനം, ടൂറിസം എന്നീ വകുപ്പുകള്‍ക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഇത് അളന്നുതിരിക്കുന്നതിലുണ്ടായ കാലതാമസം മൂലം ഏക്കറുകണക്കിനു ഭൂമി കൈയേറ്റക്കാർ സ്വന്തമാക്കി.
പട്ടയ വിതരണത്തിന് വിലക്കുണ്ടായിരുന്ന 2001 ല്‍ ഈ ഭൂമിക്ക് നാല് പ്രവാസി വ്യവസായികള്‍ പട്ടയം തരപ്പെടുത്തി. അമേരിക്കൻ പട്ടയമെന്നായിരുന്നു വിളിപ്പേര്. വ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തിയാണ് അന്ന് ഉദ്യോഗസ്ഥർ പട്ടയം നല്‍കിയത്. മൊട്ടക്കുന്നിന് പട്ടയം നല്‍കാനാവില്ലെന്ന് നിയമവും ലംഘിച്ചു.






