വടകര: അറിവ് പകരേണ്ട അധ്യാപകര്‍ ലഹരിമാഫിയയുടെ പ്രധാന കണ്ണികളായി മാറിയതിന്റെ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ. വടകര എം.ഡി.എം.എ കേസില്‍ പേരാമ്പ്ര ബി.ആര്.സിയിലെ കൂടുതല്‍ അധ്യാപികമാര്‍ കുടുങ്ങിയതോടെ നാടൊട്ടാകെ വലിയ ആശങ്കയിലാണ്. ഓപ്പറേഷന് തൂഫാനുമായി ആഭ്യന്തര വകുപ്പു ശക്തമായി രംഗത്തുവന്നതോടെയാണ് അധ്യാപകര്‍ പോലും ലഹരിമാഫിയയുടെ ഭാഗമായെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
ലഹരി ഇടപാടില്‍ പേരാമ്പ്ര ബി.ആര്.സിയിലെ മൂന്നാമത്തെ അധ്യാപികയായ ആവള കുട്ടോത്ത് സ്വദേശിനി വി.പി. നീഷ്മയെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെയാണ് ലഹരിമാഫിയടുടെ ഭീകരത പുറത്തുവന്നത്. കോഴിക്കോട് റൂറല്‍ എസ്.പി മെറിന് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര ബി.ആര്.സിയുടെ ചെങ്ങരോത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തോടു ചേര്‍ന്നുള്ള ഓട്ടിസം സെന്ററിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയാണ് അറസ്റ്റിലായ നീഷ്മ. നേരത്തെ അറസ്റ്റിലായ അധ്യാപികമാരായ കെ.സി. കീര്‍ത്തന, കെ. കാവ്യ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നീഷ്മയിലേക്ക് അന്വേഷണ സംഘം എത്തുന്നത്.
പേരാമ്പ്ര ബി.ആര്.സിയില്‍ ഒന്നിച്ചു ജോലി ചെയ്തിരുന്ന കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവര്‍ അടുത്ത സുഹൃത്തുക്കളും 'ബെസ്റ്റികളു'മായിരുന്നു. സദാസമയവും ഒപ്പമുണ്ടായിരുന്ന ഈ മൂവര്‍സംഘം ലഹരി ഉപയോഗത്തില്‍ മാത്രമല്ല, ലഹരിമാഫിയയുടെ അക്കൗണ്ട് ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന 'മണി മ്യൂളുകളായും' മാറുകയായിരുന്നു. നീഷ്മയുടെ ബാങ്ക് അക്കൗണ്ട് വഴിയും എം.ഡി.എം.എ കച്ചവടത്തിന്റെ വലിയൊരു തുക മറിഞ്ഞതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസിന്റെ മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും ചോദ്യം ചെയ്തതിന് ശേഷം കൃത്യമായ തെളിവുകളോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ലഹരിമാഫിയയുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചത്. ഒരു വര്‍ഷത്തിനിടെ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടില്‍ മാത്രം 14 ലക്ഷം രൂപ എത്തിയപ്പോള്‍, കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാവ്യയുടെ അക്കൗണ്ടില്‍ 9 ലക്ഷം രൂപ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. കീര്‍ത്തനയുടെയും കാവ്യയുടെയും അക്കൗണ്ടുകളിലേക്ക് പണം അയച്ച ഉപഭോക്താക്കളെക്കുറിച്ചും ലഹരി നെറ്റ്വര്‍ക്കിനെക്കുറിച്ചും പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാവ്യയെയും കീര്‍ത്തനയെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പോലീസ് വടകര കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇവര്‍ ലഹരിവില്‍പ്പനയിലെ മണിമ്യൂളായി മാറുക മാത്രമല്ല, ലഹരി ഉപയോഗിച്ചിരുന്നു എന്ന സൂചനയും പോലീസ് നല്‍കുന്നത്. മംഗളൂരുവിലുള്ള ഒരു അടുത്ത സുഹൃത്ത് വഴിയാണ് ഈ അധ്യാപികമാര്‍ എം.ഡി.എം.എ ഉപയോഗിച്ചത് എന്നാണ് വിവരം. പിന്നീട് ഇവര്‍ ലഹരി മാഫിയയുടെ ഭാഗമാകുകയായിരുന്നു. എളുപ്പത്തില്‍ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് മണി മ്യൂളായി മാറിയത്. കൂടുതല്‍ പണം ആവശ്യമായി വരികയും തുടര്‍ന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴിയാണ് ഇവര്‍ ലഹരി മാഫിയയിലെ പ്രധാന കണ്ണികളുമായി ബന്ധപ്പെടുന്നത്. ലഹരിമാഫിയയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെയാണ് അധ്യാപികമാര്‍ ഇവര്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പങ്കുവെച്ചു നല്കിയതും ബിസിനസ്സ് പങ്കാളികളായതും. അധ്യാപികമാര്‍ എന്ന മാന്യമായ വേഷവും സമൂഹത്തിലുള്ള സ്ഥാനവും കാരണം പോലീസിന്റെയോ നാട്ടുകാരുടെയോ സംശയം തങ്ങളിലേക്ക് നീളില്ല എന്ന് മയക്കുമരുന്ന് മാഫിയ കണക്കുകൂട്ടി. അധ്യാപക പദവിയെ ലഹരിമാഫിയ തങ്ങളുടെ ആവശ്യത്തിനായി പരമാവധി ചൂഷണം ചെയ്യുകയായിരുന്നു.
ഇടപാടുകാരില്‍ നിന്ന് പണം ഈ അധ്യാപികമാരുടെ അക്കൗണ്ടിലേക്ക് എത്തുമ്പോള്‍ ഇവര്‍ വാങ്ങലുകാര്‍ക്ക് ലൊക്കേഷന്‍ അയച്ചു നല്‍കും. തുടര്‍ന്ന് ലഹരിമാഫിയയുടെ പ്രധാന ഏജന്റുമാര്‍ നിര്‍ദ്ദിഷ്ട സ്ഥലത്തെത്തി മയക്കുമരുന്ന് കൈമാറുന്നതായിരുന്നു ഇവരുടെ കച്ചവട രീതി. 50,000 രൂപയുടെ എം.ഡി.എം.എ കച്ചവടം നടത്തുമ്പോള്‍ കമ്മീഷനായി 3,000 രൂപ വീതമാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നാണ് പിടിയിലായവര്‍ പോലീസിന് നല്കിയ മൊഴി. എന്നാല്‍ ഈ തുക പൂര്‍ണ്ണമായും സത്യമല്ലെന്നും, വന്‍തുക തന്നെ കമ്മീഷനായും ലഹരിയായും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
വടകര ആവിക്കല്‍ സ്വദേശി സഫ്വാനെ രണ്ട് ഗ്രാം എം.ഡി.എം.എയുമായി മാസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണത്തിന്റെ ചുരുളഴിയുന്നത്. സഫ്വാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജൂലൈ 12-ന് മരുതോങ്കര സ്വദേശിനിയായ കീര്‍ത്തനയെ ഡാന്‍സാഫും പോലീസും ചേര്‍ന്ന് പിടികൂടുന്നത്. കീര്‍ത്തനയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യയും, തൊട്ടുപിന്നാലെ നീഷ്മയും കുടുങ്ങുകയായിരുന്നു. അധ്യാപികമാര്‍ ഉള്‍പ്പെട്ടതിനാല്‍ വിദ്യാലയങ്ങളിലെ കുട്ടികളെയോ മറ്റ് ജീവനക്കാരെയോ ഇവര്‍ ലഹരിവലയത്തില്പ്പെടുത്തിയിട്ടുണ്ടോ എന്ന് പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. റൂറല്‍ എസ്.പി മെറിന് ജോസഫിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ അധ്യാപകര്‍ക്കോ പ്രാദേശിക വ്യക്തികള്‍ക്കോ ഇതില്‍ പങ്കുണ്ടോ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.






