മാന്നാർ: കനത്ത മഴയില്‍ പാടശേഖരങ്ങള്‍ മുങ്ങിയതോടെ കൃഷിയൊരുക്കം വെള്ളത്തിലാകുമോ എന്ന ഭീതിയിലാണ് അപ്പർ കുട്ടനാട്ടിലെ നെല്‍കർഷകർ.
മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളില്‍ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ചും പമ്പിങ് നടത്തി വെള്ളം വറ്റിച്ചും വരിനെല്ലും കളകളും കിളിർപ്പിക്കാനായി ഒരുക്കിയിട്ടിരുന്ന പാടശേഖരങ്ങളാണ് തുലാവർഷത്തില്‍ മുങ്ങിക്കിടക്കുന്നത്. പണയം വച്ചും വായ്പയെടുത്തും വൻതുക മുടക്കി കർഷകരും പാടശേഖരസമിതിയും കൃഷിയൊരുക്കം പൂർത്തിയാക്കിവരുമ്പോഴാണ് എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മഴ ശക്തിപ്രാപിച്ചത്. തുടർന്നും കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പും കർഷകരെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. മഴ ശക്തമായതോടെ പാടങ്ങളില്‍ നടത്തിവന്ന പമ്പിങ് ജോലികള്‍ നിർത്തിവെക്കാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്.
മഴ മാറിയെങ്കില്‍ മാത്രമേ പമ്പിങ് പുനരാരംഭിക്കാൻ കഴിയുകയുള്ളൂ. കൃഷി തുടങ്ങുന്നതിന് ഇത് കാലതാമസമുണ്ടാക്കുമെന്നതിനാല് വീണ്ടും നിലമൊരുക്കല്‍ നടത്തേണ്ടിവരുമോ എന്ന ഭീതിയാണ് കർഷകർക്കുള്ളത്. വരുംദിവസങ്ങളിലും മഴ തുടർന്നാല്‍ വെള്ളം നിറഞ്ഞ പാടശേഖരങ്ങളിലേക്ക് തോടുകള്‍ കവിഞ്ഞ് കൂടുതല്‍ വെള്ളം കയറുകയും പായലും മാലിന്യങ്ങളും ഒപ്പം ഒഴുകിയെത്തുകയും ചെയ്യും. കുരട്ടിശ്ശേരി നാലുതോട് മുതലുള്ള പാടശേഖരങ്ങളോട് ചേർന്ന് മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയില്‍ പായല്‍ നിറഞ്ഞ തോട് കരകവിയുന്നതോടെ ഒരുക്കിയിട്ട നിലങ്ങളില്‍ വീണ്ടും പായലുകള്‍ നിറയും. ഇത് നീക്കം ചെയ്ത് കൃഷിയൊരുക്കം ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ട അവസ്ഥയാകും കർഷകർക്കുണ്ടാവുക. ഇതിനിടെ, കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വെള്ളം കുത്തിയൊഴുകിയെത്തിയതിനെ തുടർന്ന് മാന്നാർ കുട്ടമ്പേരൂർ പതിനാറാം വാർഡ് രതീഷ് വില്ലയില്‍ രഘുനാഥന്റെ വീടിന് പുറകിലെ മതില് ഇടിഞ്ഞുവീണു.






