തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നല്‍കിവരുന്ന നഷ്ടപരിഹാരം ഇരട്ടിയായി സർക്കാർ വർദ്ധിപ്പിച്ചു.
പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകള്‍ പരിഷ്കരിക്കുന്നത്. ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്കരണം നടന്നത്. പുതിയ ഉത്തരവ് പ്രകാരം, കർഷകർക്ക് നല്കി വരുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
കൃഷിനാശത്തിന് പുറമെ കാർഷികോല്‍പ്പന്നങ്ങളായ തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കുന്നതാണ്. മുമ്പ് തേങ്ങ, കൊക്കോ മരമോ നശിപ്പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളു. വന്യജീവി ആക്രമണം മൂലം കൃഷിനാശമോ ഉല്പ്പന്നനാശമോ ഉണ്ടായാല്‍, നാശം സംബന്ധിച്ച വിവരങ്ങള്‍ കർഷകർ രണ്ടാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട അധികാരികള്‍ മുൻപാകെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
കൂടാതെ, നാശനഷ്ടം സംഭവിച്ച് ആറ് മാസത്തിനുള്ളില്‍ ഇതിനായി നിശ്ചിത മാതൃകയില്‍ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകരുടെ അർഹത സംബന്ധിച്ച നിലവിലെ നിബന്ധനകളും അർഹത നിർണ്ണയ പരിശോധനകളും പഴയതുപോലെ തന്നെ തുടരുന്നതാണ്. വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിലുള്ള നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് കണ്ടതിനെ തുടർന്നാണ് വനം വകുപ്പിന്റെ ഇടപെടല്‍.






