വാഷിംഗ്ടണ്‍: കാനഡയില്‍ നിന്നുള്ള ഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും 50 ശതമാനം നികുതി ചുമത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയില്‍ നിന്നുള്ള ഓട്ടോ മൊബൈല്‍, മദ്യം, പാല് ഉല്പന്നങ്ങളോട് ന്യായമല്ലാത്ത രീതിയിലുള്ള വിവേചനം കാണിക്കുന്നുവെന്ന് വിശദമാക്കിയാണ് വൈറ്റ് ഹൗസ് ബുധനാഴ്ച നികുതി പ്രഖ്യാപനം നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കിടയിലെ ഉഭയ കക്ഷി ബന്ധം തകരാറിലാവാനും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കാനും കാരണമാകുന്നതാണ് ട്രംപിന്റെ നീക്കം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാനും പണപ്പെരുപ്പത്തിലേക്കും നടപടി നയിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഊർജ്ജ ഉല്‍പ്പന്നങ്ങള്‍, മത്സ്യം, നിർണായക ധാതുക്കള്‍, പൊട്ടാഷ് എന്നിവയെ ഈ പുതിയ കസ്റ്റംസ് നികുതി വർദ്ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപുറമെ കാനഡയിലെ കാട്ടുതീ കാരണം അമേരിക്കയിലെ വായുനിലവാരം മോശമായതിനെത്തുടർന്ന്, കാനഡയ്ക്കെതിരെ കൂടുതല്‍ നികുതി ചുമത്തുന്നതിനെക്കുറിച്ച് പഠിക്കാൻ ട്രംപ് തന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്. കാനഡ തങ്ങളുടെ വനമേഖലകളെ വേണ്ട രീതിയില്‍ പരിപാലിക്കുന്നില്ല, ഇത് മൂലം മോശം വായു ശ്വസിക്കേണ്ടി വരുന്നത് അമേരിക്കക്കാരാണ്. ഇത് അംഗീകരിക്കാൻ ആവില്ലെന്നും രൂക്ഷമായ ഭാഷയിലാണ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ ട്രംപ് വിശദമാക്കിയത്.






