ഡല്‍ഹി: ഓണ്‍ലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത് വെരിഫിക്കേഷന് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള കാപ്ചകളാണ്.
ഉപയോക്താക്കളെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്ന കാപ്ചകളെ റെയില്‍വെ ഒഴിവാക്കുന്നു. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ അധിഷ്ഠിത വെരിഫിക്കേഷനും കർശനമായ സുരക്ഷാ സംവിധാനങ്ങളും നടപ്പിലാക്കിയതോടെയാണ് പുതിയ മാറ്റം നിലവില്‍ വരുന്നത്.
ഇതിലൂടെ ഐആർസിടിസി ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി കാപ്ച നല്‍കാതെ തന്നെ വളരെ വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോക്താക്കള്‍ക്ക് സാധിക്കും. യാത്രക്കാരുടെ വിവരം നേരത്തെ സേവ് ചെയ്തുകഴിഞ്ഞാല്‍ ഞൊടിയിടയ്ക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
ഓണ്‍ലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് എടുക്കുന്നത് യന്ത്രങ്ങളല്ല മനുഷ്യനാണെന്ന് ഉറപ്പുവരുത്താൻ സ്ക്രീനില്‍ കാണിക്കുന്ന അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്ന സംവിധാനമായിരുന്നു കാപ്ച. പുതിയ ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലോഗിൻ ചെയ്യാനും ടിക്കറ്റ് സ്ഥിരീകരിക്കാനും കാപ്ച നല്‍കേണ്ടതില്ല. ഇനി മുതല്‍ വെറും എട്ട് ക്ലിക്കുകള്‍ കൊണ്ടുതന്നെ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കാൻ സാധിക്കും. യാത്രക്കാരുടെ വിവരങ്ങള്‍ നേരത്തെ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ഇത് ആറ് ക്ലിക്കായി കുറയും.
അനാവശ്യ പോപ്-അപ്പുകളും മിന്നിമറയുന്ന ഗ്രാഫിക്സുകളും ഉള്‍പ്പെടെ ഐആർസിടിസിയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരുമിച്ച് കാണാനാകുമെന്നതും പുതിയ മാറ്റത്തില്‍ ഉള്‍പ്പെടുന്നു.






