കോട്ടയം: അഷ്ടവൈദ്യ പാരമ്പര്യത്തിന്റെ വിശ്വാസ്യത ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യരത്നം ഔഷധശാലയുടെ പുതിയ ക്ലിനിക്ക് കോട്ടയം ബേക്കർ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. കോട്ടയം നഗരസഭ ചെയർമാൻ എം. പി. സന്തോഷ് കുമാർ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വാർഡ് കൗൺസിലർമാരായ ജോൺ വർഗീസ്, ശ്രീമതി അനുഷ കൃഷ്ണൻ, ഫിൽകോസ് ജനറൽ സെക്രട്ടറി പി. കെ. ആനന്ദക്കുട്ടൻ, വ്യാപാര വ്യവസായ ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, സി.എസ്.ഐ. ഡയോസിസിലെ ഫാ. സിബി മാത്യു എന്നിവർ പങ്കെടുത്തു.
വൈദ്യരത്നം കോട്ടയത്തിലെ സീനിയർ ഫിസിഷ്യൻ ഡോ. അഞ്ജു സി. നായർ അധ്യക്ഷത വഹിച്ചു. വൈദ്യരത്നം ഒല്ലൂരിന്റെ മുൻ പ്രിൻസിപ്പൽ ഡോ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. വൈദ്യരത്നം സെയിൽസ് ഹെഡ് സുധേവ്, സൗത്ത് കേരള സീനിയർ സെയിൽസ് മാനേജർ സുരേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്ലിനിക്കിൽ ഡോ. അഞ്ജു സി. നായരുടെ നേതൃത്വത്തിൽ ആയുർവേദ ചികിത്സാ സേവനങ്ങൾ ലഭ്യമാകും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതൽ 6.30 വരെയും ഒ.പി. സേവനം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.






