കൊച്ചി: ട്രാക്ക് നവീകരണ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വിവിധ ട്രെയിൻ സർവീസുകളില്‍ റെയില്‍വേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
യാത്ര ആരംഭിക്കുന്നതിന് മുൻപ് സമയക്രമവും സ്റ്റാറ്റസും പരിശോധിച്ച് യാത്ര പ്ലാൻ ചെയ്യാൻ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
പാളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ട്രാക്ക് നവീകരണം, ഇന്റർലോക്കിങ് പണികള്‍, പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ എന്നിവ കാരണമാണ് കേരളത്തിലൂടെ ഓടുന്ന ചില സർവീസുകളില്‍ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഒല്ലൂർ- പുതുക്കാട്, ഇരിഞ്ഞാലക്കുട- ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതുമൂലെ ഈ റൂട്ടിലോടുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന് റെയില്‍വേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അത്തരത്തില്‍ റദ്ദാക്കിയതും വഴിതിരിച്ചുവിടുന്നതുമായ ട്രെയിനുകളുടെ വിശദമായ വിവരങ്ങള്‍ നോക്കാം.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരം
ഗുരുവായൂർ - തൃശൂർ (56116), തൃശൂർ-ഗുരുവായൂർ (56115) പാസഞ്ചർ ബുധനാഴ്ച (ഇന്ന്) സർവീസ് നടത്തില്ല. ട്രെയിൻ നമ്പർ 66310 കൊല്ലം- എറണാകുളം ജങ്ഷൻ മെമു 20, 27 എന്നീ തീയതികളില്‍ സർവീസ് നടത്തുന്നതല്ല. ഈ പറഞ്ഞ സർവീസുകള്‍ എല്ലാം പൂർണമായും റദ്ദാക്കിയവയാണ്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിവരം
കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്: നവംബർ ആറ്, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ ഒന്ന്, നാല് തീയതികളില്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ തൃശൂരില്‍ യാത്ര അവസാനിപ്പിക്കുന്നതാണ്.
ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ്: നവംബർ 12, 19, 26 തീയതികളില്‍ ടാറ്റാനഗറില്‍ നിന്ന് പുറപ്പെടുന്ന ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് ട്രെയിൻ ആലുവയില്‍ യാത്ര അവസാനിപ്പിക്കും.
വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെ വിവരം
തിരുവനന്തപുരം - മംഗളൂരു മാവേലി എക്സ്പ്രസ്: നവംബർ 13, 15 തീയതികളില്‍ തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം - മംഗളൂരു മാവേലി എക്സ്പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനുമിടയില്‍ കോട്ടയം വഴി തിരിച്ചുവിടും.
ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ്: നവംബർ 13, 20, 27 തീയതികളില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ് എറണാകുളം ടൗണിനും കായംകുളത്തിനുമിടയില്‍ കോട്ടയം വഴി തിരിച്ചുവിടും.
മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ്: നവംബർ 13, 20, 27 തീയതികളില്‍ മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് എറണാകുളം ടൗണിനും കായംകുളത്തിനുമിടയില്‍ കോട്ടയം വഴി സർവീസ് നടത്തും.






