ബെംഗളൂരു: ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെംഗളൂരുവിലേക്ക് നീട്ടി. നവംബർ 13 മുതല്‍ ഗോവ-ബെംഗളൂരൂ(മഡ് ഗാവ്-യശ്വന്ത്പുർ) വന്ദേഭാരത് സർവീസ് ആരംഭിക്കും.
നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവ-ബെംഗളൂരൂ വന്ദേഭാരത് രാജ്യത്തിന് സമർപ്പിക്കും. ആഴ്ചയില്‍ ആറുദിവസം ഇരുദിശകളിലേക്കും ട്രെയിൻ സർവീസ് നടത്തും. ബെംഗളൂരുവില്‍നിന്ന് ബുധനാഴ്ചയും ഗോവയില്‍നിന്ന് വ്യാഴാഴ്ചയും സർവീസ് ഉണ്ടാകില്ല.
രാവിലെ 7.35-ന് ട്രെയിൻ യശ്വന്ത്പൂരില്‍നിന്ന് പുറപ്പെടും. രാത്രി 8.55-ന് ഗോവയിലെത്തും. ഗോവയില്‍നിന്ന് രാവിലെ 8.20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.15ന് യശ്വന്ത്പൂരില്‍ എത്തും. ശ്രാവണബെലഗോള, ഹാസൻ സക്ലേഷ് പുര, സുബ്രഹ്മണ്യ റോഡ്, കബക്കാപുത്തൂർ, മംഗളൂരു ജംഗ്ഷൻ, തൊക്കൂർ, ഉഡുപ്പി കുന്താപ്പുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ ഗോകർണ റോഡ്, കാർവാർ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.
മണിക്കൂറില്‍ 54 കിലോമീറ്റർ മാത്രമാകും ട്രെയിനിന്റെ വേഗത. രാജ്യത്തെ വന്ദേഭാരത് സർവീസുകളില്‍ വേഗം കുറഞ്ഞ സർവീസാകും ഇത്. ഗോവ-മംഗളൂരൂ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെയാണ് മംഗളൂരുവില്‍നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നീട്ടിയത്.






