കൊച്ചി: ചരിത്ര പ്രസിദ്ധമായ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ (ബുധൻ) എറണാകുളം വടക്കേ പറവൂരില്‍ ഗതാഗത നിയന്ത്രണങ്ങള്‍.
പുലർച്ചെ മൂന്ന് മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ കെഎംകെ ജങ്ഷൻ മുതല്‍ പുല്ലംകുളം ചിത്രഞ്ജലി ജങ്ഷൻ വരെയുള്ള ഭാഗത്ത് വാഹന ഗതാഗതം അനുവദിക്കില്ല.
കെഎംകെ ജങ്ഷനും പുല്ലംകുളം ചിത്രഞ്ജലി ജങ്ഷനും ഇടയില്‍ ഗതാഗത നിയന്ത്രണം
കെഎംകെ ജങ്ഷനും പുല്ലംകുളം ചിത്രഞ്ജലി ജങ്ഷനും ഇടയിലുള്ള ഭാഗത്തായിരിക്കും പ്രധാനമായും ഗതാഗത നിയന്ത്രണം ഉണ്ടാകുക. നിശ്ചയിച്ചിട്ടുള്ള ഈ 10 മണിക്കൂർ സമയത്തേക്ക് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. നോർത്ത് പറവൂരിന്റെ വിവിധ ഭാഗങ്ങളെ മൂകാംബിക റോഡുമായി ബന്ധിപ്പിക്കുന്ന റോഡുകളിലും വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.
നിയന്ത്രണമുള്ള റോഡുകള്‍
ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡ് - മൂകാംബിക റോഡ്, പറവൂർ പോസ്റ്റ് ഓഫീസ് - മൂകാംബിക റോഡ്, സെന്റ് ജെർമെയ്ൻസ് റോഡ്, പാലാറം ജംഗ്ഷൻ - മൂകാംബിക റോഡ്, ശാന്തി ഹോസ്പിറ്റല്‍ - മൂകാംബിക റോഡ്, പറവൂർ കോടതി - മൂകാംബിക റോഡ് എന്നിവയുള്‍പ്പെടെ ക്ഷേത്രത്തിലേക്കുള്ള വഴികളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രവേശനമുണ്ടാകില്ല. ഈ വഴികളിലൂടെ കാല്‍നടയാത്രക്കാർക്ക് മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂ.
വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ ക്രമീകരണം
ഭക്തരുടെ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനായി ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡ്, പുല്ലംകുളം സ്കൂള്‍ ഗ്രൗണ്ട്, കോടതി പരിസരം, സണ്ണി കണ്വെൻഷൻ സെന്റർ എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നവരാത്രി ആഘോഷവേളയില്‍ ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിനടുത്തേക്ക് വാഹനവുമായി പോകാൻ ശ്രമിക്കുന്നതിന് പകരം അനുവദിച്ചിട്ടുള്ള ഈ പാർക്കിങ് സ്ഥലങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത റോഡുകളില്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ക്ഷേത്രത്തിലേക്കുള്ള അവസാന ഘട്ട വഴികള്‍ കാല്‍നടയാത്രക്കാർക്ക് മാത്രമായി മാറ്റാനും ആഘോഷം നടക്കുന്ന പ്രദേശത്ത് സ്വകാര്യ വാഹനങ്ങളുടെ സാന്നിധ്യം കുറയ്ക്കാനും സാധിക്കും.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ സേനയെയും മെഡിക്കല്‍ സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തും പരിസര പ്രദേശങ്ങളിലുമായി ഏകദേശം 200ഓളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്.






