തിരുവല്ല: വൈദ്യുതി ലൈനിലെ മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിന്റെ പേരില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ അനുമതിയില്ലാതെ വെട്ടി മാറ്റിയതായി പരാതി.
തിരുവല്ല വില്ലേജിലെ മഞ്ഞാടി ആമല്ലൂരിലുള്ള പുരയിടത്തില്‍ നിന്നാണ് ഉടമകള്‍ പോലുമറിയാതെ മരങ്ങള്‍ മുറിച്ചുകടത്തിയത്. കെ.എസ്.ഇ.ബി. തോട്ടഭാഗം സെക്ഷൻ പരിധിയിലാണ് സംഭവം. ഉടമകളിലൊരാളായ ചാലക്കുഴി മാലിയക്കല് വർഗീസ് സി. ഫിലിപ്പുകുട്ടി കെ.എസ്.ഇ.ബി. ചീഫ് എൻജിനീയർക്ക് പരാതി നല്കി.
മഞ്ഞാടി ആമല്ലൂർ സർവേ നമ്പർ 552/60-ല്‍ ഉള്‍പ്പെട്ട രണ്ടേക്കർ സ്ഥലത്തെ മരങ്ങളാണ് വെട്ടിയത്. ലൈൻ കടന്നുപോകുന്ന ഭാഗത്തുനിന്ന് റോഡിന്റെ പടിഞ്ഞാറുവശത്തുള്ള പുരയിടത്തിലേക്ക് 20 മീറ്ററോളം കയറിയാണ് മരങ്ങള്‍ മുറിച്ചതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞമാസം 29, 30 തീയതികളിലാണ് മരങ്ങള്‍ വെട്ടിയത്. ഈ പുരയിടത്തില്‍ നിന്നും രണ്ടു കിലോമീറ്റർ അകലെ താമസിക്കുന്ന വർഗീസിന്റെ വീട്ടില്‍ രണ്ടാം തീയതി തടിക്കച്ചവടക്കാർ 'മരം വില്ക്കാനുണ്ടോ' എന്നന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കായ്ഫലമുള്ള തെങ്ങുകള്‍, മുള്ളത്തമ്പകം, മൂന്ന് പ്ലാവുകള്‍, തേക്ക്, വാളൻപുളി, വലിയ റബ്ബർ, വനംവകുപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രം വെട്ടാൻ കഴിയുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റൻ രക്തചന്ദനമരം എന്നിവയാണ് വെട്ടിമാറ്റിയത്. ലൈനിന് തടസ്സമാകുന്ന 2.6 മീറ്റർ പരിധിയിലെ ചില്ലകള്‍ വെട്ടുന്നതിന് പകരം ലക്ഷങ്ങളുടെ മരങ്ങള്‍ വെട്ടിമാറ്റിയെന്നാണ് ആരോപണം. വെട്ടിയിട്ട മരങ്ങള്‍ ഗേറ്റിന് മുന്നിലിട്ടതിനാല് പുരയിടത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പരാതിയിലുണ്ട്.
എട്ട് മീറ്റർ വീതിയുള്ള റോഡിന് അപ്പുറത്തുകൂടിയാണ് ലൈൻ കടന്നുപോകുന്നത്. തൊട്ടടുത്ത പുരയിടങ്ങളിലെ മരങ്ങളുടെ ചില്ലകള്‍ മാത്രമാണ് വെട്ടിയതെന്നും വർഗീസ് ആരോപിക്കുന്നു. ഏഴ് സഹോദരന്മാർ അവകാശികളായ ഈ സ്ഥലം നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളതാണ്. സംഭവം അന്നുതന്നെ അസിസ്റ്റന്റ് എൻജിനീയറെ അറിയിച്ചിരുന്നു.
കെ.എസ്.ഇ.ബി. വിജിലൻസ് അന്വേഷണം നടത്തി ഉത്തരവാദികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇത് നിയമനോട്ടീസായി പരിഗണിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് എൻജിനീയർക്കും സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ തോട്ടഭാഗം സെക്ഷൻ ഓഫീസിനെതിരേ ഇത്തരത്തില്‍ നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്.






