കോഴിക്കോട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കിയ സംഭവത്തില്‍ മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദ്യങ്ങളോട് പ്രതികരിക്കാൻ പോലും തയ്യാറായില്ല. മുതിർന്ന നേതാക്കളായ കെ കെ ശൈലജ, ഇ പി ജയരാജൻ, തോമസ് ഐസക്ക് എന്നിവരാണ് ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയത്. സുരേഷ് ബാബുവിനെതിരെ ലൈംഗിക പരാതിയുണ്ടോ എന്നുപോലും പറയാൻ നേതാക്കള്‍ തയ്യാറായില്ല. കാേഴിക്കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നേതാക്കള്‍.
കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കെ കെ ശൈലജ പറഞ്ഞത്. 'പാലക്കാട്ടെ പരാതിയെക്കുറിച്ച് അറിവില്ല. ജില്ലാതലത്തിലുള്ള വിഷയങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയാല്‍ മാത്രമേ അറിയുകയുള്ളൂ. പാർട്ടി കോടതിയല്ല. എന്നാല്‍ ചെറിയ തെറ്റുകളില്‍പ്പോലും കർശന നടപടിയെടുക്കുന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളത്'-ശൈലജ പറഞ്ഞു. കേസ് പൊലീസിന് കൈമാറേണ്ടതല്ലേ എന്ന ചോദ്യത്തിന് പരാതിക്കാരി തന്നെ പൊലീസിനെ സമീപിക്കേണ്ടതല്ലേ എന്ന മറുചോദ്യമായിരുന്നു ശൈലജയുടെ ഉത്തരം.
പാലക്കാട് സംഘടനാപരമായ നടപടിയാണ് എടുത്തതെന്നും കാര്യങ്ങള്‍ വിശദീകരിച്ചിട്ടും മാദ്ധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ മെനയുകയാണെന്നുമായിരുന്നു ഇപി ജയരാജന്റെ കുറ്റപ്പെടുത്തല്‍. ഈ സംഭവത്തെ സി പി എമ്മിനെ ആക്രമിക്കാനുള്ള അവസരമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും പത്തനംതിട്ടയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നുമായിരുന്നു തോമസ് ഐസക്ക് പറഞ്ഞത്.
അതേസമയം, സുരേഷ് ബാബുവിനെതിരെ ശക്തമായ നടപടിക്കാണ് പാർട്ടി ഒരുങ്ങുന്നത്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയേക്കും. അദ്ദേഹത്തിനെതിരെ ഉയർന്ന പരാതികളില്‍ പ്രത്യേക കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തിയശേഷമാകും നടപടി. അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പരിശോധിക്കാനാണ് തീരുമാനം. കടുത്ത നടപടി വേണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. കടുത്ത അച്ചടക്കനടപടി വേണമെന്നാണ് ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടത്.






