ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി വിപുലീകരിച്ചു.
'വെട്രി പയണം തിട്ടം' മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു.
ഇനി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ എക്സ്പ്രസ്, ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, മൊഫ്യൂസില്‍ ബസുകളിലും സത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.
ഇതോടെ 69 ശതമാനം സർക്കാർ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാകും. യാത്രാ പരിധിയോ വരുമാന പരിധിയോ ഇല്ല.
ചെന്നൈയിലെ കോയമ്പേടിലാണ് മുഖ്യമന്ത്രി വിജയ് യാത്രാ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
പൊതുഗതാഗത സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താൻ സ്ത്രീകളെയും ട്രാൻസ്ജെൻഡേഴ്സിനെയും പ്രാപ്തരാക്കുകയാണ് വെട്രി പയണം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ചെങ്ങല്‍പട്ട്, തിരുപ്പൂർ എന്നീ ജില്ലകള്‍ ഒഴികെ സംസ്ഥാനത്തെല്ലായിടത്തും വെള്ളിയാഴ്ച മുതല്‍ ഈ പദ്ധതി നിലവില്‍ വന്നു. മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഈ രണ്ട് ജില്ലകളെ പദ്ധതിയില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കിയത്.






