തൃശൂര്‍ : തൃശൂര്‍ നഗരത്തില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 55 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് അറിഞ്ഞുളള കവര്‍ച്ചയെന്ന് പോലീസ്. കൂര്‍ക്കഞ്ചേരി സ്വദേശി ഹസന് അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.
മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസന് അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഈ സമയത്ത് വീട് അടച്ചിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കുടുംബം എറണാകുളത്തുനിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതില്‍ തകര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 55 പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഉടന്‍തന്നെ വിവരം പൊലീസിനെ അറിയിച്ചു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡും നെടുപുഴ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പുലര്‍ച്ചെ ഒന്നരയോടെ ഒരാള്‍ മതില് ചാടിക്കടന്ന് വീട്ടുപറമ്പില്‍ പ്രവേശിക്കുന്നതായി കണ്ടെത്തി. കുടുംബം വീട്ടിലില്ലെന്ന വിവരം കൃത്യമായി അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.






