കാസർകോട് : ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ 80 വയസ്സുകാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസില്‍ പ്രതി പിടിയിലായി. വിദേശത്ത് ജോലി ചെയ്തിരുന്ന മലപ്പുറം മേലാറ്റൂർ എടയത്തൂരിലെ ഷംസാദ് ചുരക്കുത്താണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ കാസർകോട് സൈബർ പൊലീസിന്റെ പിടിയിലായത്.
2025 നവംബർ 24 മുതല്‍ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് സംഭവം. നീലേശ്വരം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെയും വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികള്‍, തങ്ങള്‍ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി, മണി ലോണ്ടറിംഗ് കേസില്‍ ഡോക്ടർ ഉള്‍പ്പെട്ടിട്ടുണ്ടെന്നും "ഡിജിറ്റല്‍ അറസ്റ്റ്" ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അറസ്റ്റ് ഒഴിവാക്കുന്നതിന് പണം കൈമാറണമെന്നു വിശ്വസിപ്പിച്ചാണ് 1,19,35,000 പ്രതികള്‍ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്.
തുടർന്ന് കാസർകോട് സൈബർ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി വിദേശത്ത് ജോലി ചെയ്തുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാള്‍ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. കഴിഞ്ഞ 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണല്‍ എയർപോർട്ടില്‍ എത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച് കാസർകോട് സൈബർ പൊലീസില്‍ അറിയിച്ചു. തുടർന്നാണ് കാസർകോട് സൈബർ പോലീസ് ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.






