തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്. സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വലിയൊരു രാഷ്ട്രീയ നാടകത്തിന് കളമൊരുക്കുന്നു.
വെള്ളിയാഴ്ച നടക്കുന്ന നിര്‍ണായക കൗണ്‍സില്‍ യോഗത്തില്‍ സുഗതന്റെ അവധി അപേക്ഷ മേയര്‍ വി.വി. രാജേഷ് അംഗീകാരത്തിനായി സമര്‍പ്പിക്കും. ഈ അപേക്ഷ വോട്ടിനിട്ട് പാസാക്കാനാണ് നീക്കം നടക്കുന്നത്. എന്നാല്‍, നിലവിലെ സഭയിലെ അംഗബലം വെച്ച് നോക്കുമ്പോള്‍ ബി.ജെ.പിക്ക് ഇത് വലിയൊരു ബാലികേറാമലയാണ്.
കൗണ്‍സിലിലെ അംഗങ്ങളുടെ എണ്ണമാണ് ഈ വോട്ടെടുപ്പിനെ അത്യന്തം നാടകീയമാക്കുന്നത്. ആകെ 101 അംഗങ്ങളാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്. ജയിലില്‍ കഴിയുന്ന സുഗതന് യോഗത്തിന് വരാതിരിക്കുന്നതോടെ സഭയിലെ അംഗങ്ങളുടെ എണ്ണം 100 ആയി ചുരുങ്ങും. ഇവിടെയാണ് ഭരണസമിതിക്ക് നെഞ്ചിടിപ്പേറുന്നത്. നൂറ് പേരുള്ള കൗണ്‍സിലില്‍ സുഗതന്റെ അവധി അപേക്ഷ പാസാകണമെങ്കില്‍ കൃത്യം 51 പേരുടെ വോട്ട് വേണം. 50 പേര് അനുകൂലിച്ച് വോട്ട് ചെയ്താല്‍ അപേക്ഷ പാസാകില്ല. നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ കൃത്യം 51 സീറ്റുകളുമായാണ് ബി.ജെ.പി. നഗരസഭ ഭരിക്കുന്നത്. അതായത് ഭരണപക്ഷത്ത് നിന്ന് ഒരു വോട്ട് പോലും അസാധുവാകുകയോ ആരെങ്കിലും വിട്ടുനില്‍ക്കുകയോ ചെയ്താല്‍ സുഗതന്റെ അവധി അപേക്ഷ തള്ളപ്പെടും.
തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ സ്ഥാനത്തിന് അയോഗ്യതയുണ്ടാകും എന്നതാണ് ചട്ടം. മുമ്പ് നടന്ന രണ്ട് കൗണ്‍സില്‍ യോഗങ്ങളിലും സുഗതന് പങ്കെടുത്തിരുന്നില്ല. മൂന്നാമത്തെ യോഗമായ വെള്ളിയാഴ്ചത്തെ കൗണ്‍സിലില്‍ അവധി അപേക്ഷ പാസായില്ലെങ്കില്‍ സുഗതന് അയോഗ്യനാക്കപ്പെടും. ഇത് ബി.ജെ.പി ഭരണസമിതിയുടെ തന്നെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന പ്രതിസന്ധിയായി മാറും. ഈ നിയമക്കുരുക്ക് അഴിക്കാന്‍ അഭിഭാഷകന് മുഖാന്തരമാണ് സുഗതന് മേയര്‍ക്ക് അവധി അപേക്ഷ നല്‍കിയിരിക്കുന്നത്.
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരെടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന് ഉള്‍പ്പെടെ 20 ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് അനുകൂല ഉത്തരവ് സമ്പാദിച്ച സുഗതന് ജൂലായ് 14-ന് വിയ്യൂര്‍ ജയിലില്‍ വെച്ചാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്ത് തന്നെ ആദ്യമായായിരുന്നു ഒരു ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
കൗണ്‍സില്‍ യോഗം എത്രയുംവേഗം വിളിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടതിന് പിന്നില്‍ ഈ രാഷ്ട്രീയ സാഹചര്യം മുതലെടുക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. സുഗതന്റെ അവധി അപേക്ഷയ്ക്കെതിരെ ശക്തമായി വോട്ട് ചെയ്യാനും വിമര്‍ശനം കടുപ്പിക്കാനുമാണ് പ്രതിപക്ഷ തീരുമാനം.
ഭൂരിപക്ഷം തെളിയിക്കാന്‍ 51 വോട്ടുകള്‍ ഉറപ്പിക്കുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്. വിമത സ്വരങ്ങളോ അട്ടിമറികളോ ഉണ്ടായാല്‍ അത് ഭരണമാറ്റത്തിന് തന്നെ വഴിവെച്ചേക്കാം. ചുരുക്കത്തില്‍, വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇനി എന്തും സംഭവിക്കാം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.






