തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി വാർഡില്‍നിന്ന് നർകോട്ടിക് വിഭാഗത്തില്‍പെടുന്ന മരുന്നുകള്‍ മോഷണംപോയി. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. 14ാം വാർഡിലായിരുന്നു മോഷണം. ആശുപത്രി അധികൃതർ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്കി.
മോഷ്ടിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. വാർഡില്‍ നഴ്സുമാർ മരുന്ന് വിതരണം ചെയ്യുന്നതിനിടെയാണു മോഷണം. ഫാർമസിയില്‍നിന്ന് എത്തിച്ച മരുന്നുകളാണു കവർന്നത്. ഉറക്കഗുളികകളും വിഷാദത്തിനും ഉത്കണ്ഠയ്ക്കും കഴിക്കുന്ന മരുന്നുകളും നഷ്ടമായവയില്‍പെടുന്നു.
ഡബിള്‍ ലോക്കറില്‍ വയ്ക്കേണ്ട, അതീവ സുരക്ഷയില്‍ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം. നർകോട്ടിക് വിഭാഗത്തില്‍പെടുന്നവയായതിനാല്‍ ഇതുപയോഗിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും. ആശുപത്രി സെക്യൂരിറ്റി ഓഫിസറുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.
മോഷ്ടാവിനെക്കുറിച്ച് പ്രാഥമിക സൂചനകള്‍ ലഭിച്ചതായാണ് വിവരം. ആശുപത്രി വാർഡില്‍ വിതരണത്തിനെത്തിച്ച മരുന്നുകള്‍ മോഷണംപോയ സംഭവം സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.






