കോട്ടയം: തിരുനക്കരയിലെ വ്യാപാരികളുടെ കാത്തിരിപ്പിന് വിരാമം.
തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ പുതിയ കടമുറികൾ ഇന്ന് വ്യാപാരികൾക്ക് കൈമാറും. രാവിലെ 11ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് താക്കോലുകൾ കൈമാറുന്നത്.
നാലു വർഷം മുൻപ് ഒഴിപ്പിക്കപ്പെട്ട 36 വ്യാപാരികൾക്കായി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിർമിച്ചതാണു പുതിയ കടമുറികൾ. ഇതോടെ വ്യാപാരികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിനാണു വിരാമമാകുന്നത്.
താത്കാലിക കടമുറികളുടെ നിർമാണം പൂർത്തിയായെങ്കിലും വ്യാപാരികൾക്ക് നൽകുന്നതിൽ അവ്യക്തത തുടരുകയായിരുന്നു. വ്യാപാരികൾ സ്വന്തം ചെലവിൽ 36 കടമുറികൾ പണിത് വയറിംഗ് ജോലികൾ അധികൃതർ പറഞ്ഞ രീതിയിൽ പൂർത്തിയാക്കി. എന്നിട്ടും കടമുറികൾ തുറക്കാൻ അനുമതി ലഭിച്ചിരുന്നില്ല.
തുറന്നു പ്രവർത്തിച്ച നാലു കട ഉടമകള്ക്ക് നോട്ടീസ് നല്കി ഒഴിപ്പിച്ചിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം പണിത കടമുറികൾ തുറക്കുന്നതിനു നഗരസഭ അനുമതി നൽകുന്നില്ലെന്നായിരുന്നു പരാതി.
പഴയ സ്റ്റാൻഡിലെ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നും 52 കടമുറികൾക്ക് ഫിറ്റ്നസ് ഇല്ലെന്നും കാണിച്ച് വ്യാപാരികളെ 2022 ഒക്ടോബർ മൂന്നിനാണ് ഒഴിപ്പിച്ചത്. തുടർന്ന് സെപ്റ്റംബർ 14നു കെട്ടിടം പൊളിച്ചുമാറ്റി. 2025 ജൂലൈ 17നു വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് സ്വന്തം ചെലവിൽ താത്കാലികമായി കടകൾ പണിയാൻ അനുമതി വാങ്ങി.
2025 ഡിസംബറിൽ കാലാവധി കഴിയുന്നതുവരെ അന്നത്തെ ഭരണസമിതി വ്യാപാരികൾക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവ് കൗൺസിൽ യോഗത്തിൽ അറിയിച്ചില്ല. കൗൺസിലിന്റെ കാലാവധി കഴിഞ്ഞപ്പോൾ സെക്രട്ടറിയുടെ നിർദേശപ്രകാരം നഗരസഭയുടെ കെട്ടിട നിർമാണ വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികൾ പണിയാൻ അനുമതി നല്കി.
കടമുറികൾ പകുതി പണിതീർന്നപ്പോൾ പുതിയ ഭരണസമിതി ചുമതലയേറ്റു. ഇതോടെ നഗരസഭയിൽ നിന്ന് സ്റ്റോപ് മെമ്മോ ലഭിച്ചു. കെട്ടിടനിർമാണ വിഭാഗം അംഗീകരിച്ച ആദ്യ പ്ലാനിൽ പണിത കെട്ടിടം പകുതിഭാഗം പൊളിച്ചുമാറ്റിച്ചു. പുതിയ നിർദേശം അനുസരിച്ചാണു പിന്നീട് പണി പൂർത്തിയാക്കിയത്.
36 വ്യാപാരികളും ഒരോലക്ഷത്തിനുമേൽ പണം മുടക്കിയാണു കടമുറികൾ നിർമിച്ചത്. ഉദ്ഘാടന ചടങ്ങിൽ കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി. സന്തോഷ്കുമാർ അധ്യക്ഷത വഹിക്കും. നാട്ടകം സുരേഷ് എംഎൽഎ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ എം.കെ. തോമസുകുട്ടി, കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ.എൻ. പണിക്കർ, കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്സനു ഷീബ പുന്ന ന, ജോൺ വർഗീസ്, ടി.എൻ. ഹരി, മാത്യു നൈനാൻ, ആർ. രവി എന്നിവർ പങ്കെടുക്കും.






