ചെന്നൈ: തേനി ജില്ലാ ജയിലില്‍ നിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെ തമിഴ്നാട് ജയില്‍ വകുപ്പ് ഡിജിപി സന്ദീപ് റായ് റാത്തോറിന് സ്ഥലംമാറ്റം.
ടാൻജെഡ്കോയുടെ (TANGEDCO, തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ്) വിജിലൻസ് വിഭാഗം ഡിജിപിയും ചീഫ് വിജിലൻസ് ഓഫീസറുമായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം.
എൻഫോഴ്സ്മെന്റ് ബ്യൂറോ സിഐഡിയുടെ അഡീഷണല്‍ ഡിജിപിയായ കെ ശങ്കറിനെയാണ് ജയില്‍ വകുപ്പിന്റെ പുതിയ മേധാവിയായി നിയമിച്ചത്. ജയില്‍, തിരുത്തല്‍ സേവന വിഭാഗങ്ങളുടെ ചുമതലയും അദ്ദേഹത്തിന് നല്കി.
ഒക്ടോബർ 26 തിങ്കളാഴ്ച രാത്രിയാണ് തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കമ്പട്ടി ജയിലില്‍ നിന്ന് 17 തടവുകാർ രക്ഷപ്പെട്ടത്.
അപസ്മാരമുണ്ടായെന്ന് അഭിനയിച്ച ഒരു തടവുകാരനെ സഹായിക്കാൻ ജയില്‍ ജീവനക്കാർ എത്തിയപ്പോള്‍ അവരെ കീഴടക്കി മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി സന്ദീപ് റായ് റാത്തോർ നേരത്തെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ നടപടികളിലെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താനും നിർദേശിച്ചിരുന്നു.






