ലക്നൗ: വ്യാജ പേരുവിവരങ്ങളും ഐഡന്റിറ്റികളും ഉപയോഗിച്ച് 25-ഓളം സ്ത്രീകളെ ചതിച്ച് വിവാഹം കഴിച്ച വന്‍ തട്ടിപ്പുകാരന്റെ വലയില്‍ അകപ്പെട്ട് ഉത്തര്‍പ്രദേശിലെ ഭരണകക്ഷി എം.എല്‍.എയുടെ കുടുംബവും.
ഉത്തര്‍പ്രദേശിലെ സിതാപൂര്‍ ജില്ലയിലുള്ള സേവത മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ജ്ഞാന്‍ തിവാരിയാണ് തന്റെ മകളെ വിവാഹ തട്ടിപ്പുകാരന് ചതിച്ച് വിവാഹം കഴിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പ്രഖര്‍ ത്രിവേദി, ഇയാളുടെ പിതാവ് അനുജ് ത്രിവേദി എന്നിവരെ രേവൂസ പോലീസ് അറസ്റ്റ് ചെയ്തു.
2024-ലാണ് എം.എല്‍.എ ജ്ഞാന്‍ തിവാരിയുടെ മകള്‍ പ്രജ്ഞയും മിസ്രിഖിലെ ചന്ദ്രവാള്‍ സ്വദേശിയായ അനുജ് ത്രിവേദിയുടെ മകന് പ്രഖര്‍ ത്രിവേദിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹസമയത്ത് താന്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയാണെന്നാണ് അനുജ് ത്രിവേദി സ്വയം പരിചയപ്പെടുത്തിയിരുന്നത്. തങ്ങള്‍ക്കെതിരെയുള്ള മുന്‍കാല ക്രിമിനല്‍ കേസുകളെക്കുറിച്ചോ പ്രഖറിന്റെ മുന്‍ വിവാഹങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇവര്‍ ബോധപൂര്‍വ്വം മറച്ചുവെച്ചു. പ്രദേശത്തെ സ്വാധീനമുള്ള വ്യക്തികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും പ്രാദേശികമായി നടത്തിയ അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ജ്ഞാന്‍ തിവാരി ഈ വിവാഹത്തിന് സമ്മതം മൂളിയത്.
എന്നാല്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് സ്രോതസ്സുകളിലൂടെയുമാണ് പ്രഖര്‍ ത്രിവേദിയുടെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എം.എല്‍.എയുടെ കുടുംബം അറിയുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധിയേറെ സ്ത്രീകളെ പ്രഖര്‍ വ്യാജ ഐഡന്റിറ്റികള്‍ ഉപയോഗിച്ച് പ്രണയം നടിച്ച് ചതിയില്‍പ്പെടുത്തുകയും കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് എം.എല്‍.എ ആരോപിക്കുന്നു. ഇത്തരത്തില്‍ വ്യാജ പേരുകളില്‍ ഏകദേശം 25-ഓളം വിവാഹങ്ങളെങ്കിലും ഇയാള്‍ കഴിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
തട്ടിപ്പ് മനസ്സിലാക്കിയ ഉടന്‍ തന്നെ മകളെ തിരികെ വീട്ടിലെത്തിച്ചതായും പ്രതികളുടെ കുടുംബവുമായുള്ള എല്ലാ വ്യക്തിഗത, സാമൂഹിക ബന്ധങ്ങളും ഉപേക്ഷിച്ചതായും ജ്ഞാന്‍ തിവാരി വ്യക്തമാക്കി. ഈ സംഭവം തന്റെ കുടുംബത്തിന് വലിയ മാനസിക ആഘാതമുണ്ടാക്കിയെന്നും ജനപ്രതിനിധി എന്ന നിലയില്‍ തന്റെ സാമൂഹിക പ്രതിച്ഛായയെ അത് ദോഷകരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 6-ന് തന്റെ മകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് എം.എല്‍.എ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.
എം.എല്‍.എ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രേവൂസ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുക്കുകയും തുടര്‍ന്ന് അനുജ് ത്രിവേദിയെയും മകന് പ്രഖര്‍ ത്രിവേദിയെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു. തങ്ങളുടെ കുടുംബത്തെ വഞ്ചിച്ച അനുജ് ത്രിവേദിക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷ നല്‍കണമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മരുമകന് പ്രഖര്‍ ത്രിവേദിക്ക് നിയമപ്രകാരം ലഭിക്കാവുന്ന ഏറ്റവും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.






