തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഇന്ന് (ഓഗസ്റ്റ് 9) നാളെയും (ഓഗസ്റ്റ് 10) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ കാറ്റ്; ജാഗ്രത പാലിക്കണം
കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, വൈദ്യുതി പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റില്ലാത്ത സമയത്ത് അവ ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് ശക്തമാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുകയും സമീപത്ത് നിൽക്കുന്നത് ഒഴിവാക്കുകയും വേണം.
ഓല, ഷീറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ളതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്നും നിർദേശമുണ്ട്.






