പത്തനംതിട്ട: ജില്ലയിലെ രണ്ടിടങ്ങളില്‍ കുരുന്നുകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന വ്യാജ വാര്‍ത്തകളില്‍ പരന്ന ഭീതിക്ക് ഒടുവില്‍ വിരാമം.
അടൂര്‍ പഴകുളത്തും കൊടുമണ്ണിലും നടന്നത് കിഡ്നാപ്പിംഗ് ശ്രമമല്ലെന്നും, മഴയിലും ചെളിയിലും പെട്ടുപോയ കുട്ടികളെ സഹായിക്കാനായി കാറിലുണ്ടായിരുന്നവര്‍ ലിഫ്റ്റ് നല്കാന് ശ്രമിച്ചതാണെന്നും പോലീസ് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസമാണ് അടൂര്‍ പഴകുളത്ത് വെച്ച് കാറിലെത്തിയ സംഘം ഒന്‍പത് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ബലമായി വാഹത്തില്‍ കയറ്റാന്‍ നോക്കിയെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്. തൊട്ടുപിന്നാലെ കൊടുമണ്‍ അങ്ങാടിക്കലില്‍ അഞ്ചാം ക്ലാസ്സുകാരനായ ആണ്‍കുട്ടിയെയും സമാനരീതിയില്‍ തട്ടിയെടുക്കാന്‍ നീക്കം നടന്നതായി വിവരമെത്തിയതോടെ നാടൊട്ടുക്ക് ആശങ്കയിലാണ്ടു.
എന്നാല്‍ ഒരു പകലും രാത്രിയും നീണ്ട അടിയന്തര അന്വേഷണത്തില്‍ സംഭവത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പോലീസ് വെളിച്ചത്തുകൊണ്ടുവരികയായിരുന്നു. കുരുന്നുകളോട് തോന്നിയ സഹതാപവും അനുകമ്പയും കൊണ്ട് വാഹനം നിര്‍ത്തി കൊണ്ടുവിടാമെന്ന് ചോദിച്ചതാണ് നാട്ടില്‍ കൊടുംഭീതി വിതച്ച തട്ടിക്കൊണ്ടുപോകല്‍ കഥയായി മാറിയത്.
പഴകുളത്തെ ആളൊഴിഞ്ഞ കനാല്‍ റോഡിലായിരുന്നു ആദ്യ സംഭവം അരങ്ങേറിയത്. നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന ആഡംബര കാറാണ് ഈ സമയത്ത് വഴിയിലൂടെ കടന്നുപോയത്. യുവതിയുടെ വീട്ടിലെ സന്ദര്‍ശനം കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.
വഴിയില്‍ മോശം കാലാവസ്ഥ കാരണം ചെളിവെള്ളത്തിലൂടെ കുട്ടികള്‍ ബുദ്ധിമുട്ടി നടന്നുപോകുന്നത് കാറിലിരുന്ന യുവതി കാണാനിടയായി. ഇതോടെ അനുകമ്പ തോന്നിയ യുവതി കാറിന്റെ ഡോര്‍ തുറന്ന് കനാല്‍ റോഡിന്റെ അപ്പുറത്തേക്ക് കൊണ്ടുവിടണോ എന്ന് സ്നേഹത്തോടെ ചോദിക്കുകയായിരുന്നു.
എന്നാല്‍ പുറത്തുനിന്നുള്ള അപരിചിതര്‍ അപൂര്‍വ്വമായി മാത്രം എത്തുന്ന ഈ വഴിയില്‍ കാര്‍ നിര്‍ത്തി കുട്ടികളോട് സംസാരിക്കുന്നത് കണ്ട അയല്‍വാസി കാര്യമറിയാതെ പരിഭ്രാന്തയായി. ഇവര്‍ ഉടന്‍ തന്നെ വിവരങ്ങള്‍ നാട്ടിലെ പൊതുപ്രവര്‍ത്തകരെയും വാര്‍ഡ് പഞ്ചായത്തംഗത്തെയും അറിയിക്കുകയായിരുന്നു.
വിവരം നിമിഷങ്ങള്‍ക്കകം കൈവിട്ടുപോവുകയും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ നോക്കിയെന്ന പേരില്‍ പൊലീസില്‍ ഔദ്യോഗിക പരാതിയെത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് അതിവേഗം ഇടപെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാറുടമയെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
കൊടുമണ്ണിലും തികച്ചും സമാനമായ സാഹചര്യമാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിമരുന്നിട്ടത്. കനത്ത മഴ പെയ്യുന്ന സമയത്ത് സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളോട് കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി സ്കൂളിലാക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.
ഇവിടെയും സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും പിന്തുടര്ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കൂടല്‍ സ്വദേശികളായ അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നതെന്ന് വ്യക്തമായി. മഴയത്ത് കുടയില്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടപ്പോള്‍ സഹായിക്കാന്‍ തോന്നിയതാണെന്ന് ഇരുവരും മൊഴി നല്കി.
രണ്ട് സംഭവങ്ങളിലെയും കാറുടമകളെയും യാത്രക്കാരെയും മണിക്കൂറുകളോളം സ്റ്റേഷനില്‍ ഇരുത്തി വിശദമായി ചോദ്യം ചെയ്ത പോലീസ്, സംഭവത്തില്‍ യാതൊരുവിധ ദുരൂഹതകളോ കുറ്റകൃത്യ ഉദ്ദേശങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് രണ്ടു കേസുകളും ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള നിയമനടപടികളിലേക്ക് പോലീസ് കടന്നു






