തിരുവനന്തപുരം : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് സഹയാത്രികന് ടിജി മോഹന്‍ദാസിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇന്നലെ രാത്രിയാണ് കേസെടുത്തത്.
വിവാദ പ്രസ്താവനയ്ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടിജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരുന്നത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.
പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നുവെന്നുമാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്.ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പറയുന്നുണ്ട്.
പരാമർശം വിവാദമായതോടെ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിനെ തള്ളി നേതൃത്വം തന്നെ രംഗത്തെത്തി. പ്രതിഷേധത്തെ കുറിച്ചുള്ള ടി ജി മോഹൻദാസിന്റെ പരാമർശം വ്യക്തിപരമാണെന്നും ആർഎസ്എസ് അതിനോട് യോജിക്കുന്നില്ലെന്നും അർഎസ്എസ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹക് കെബി ശ്രീകുമാർ പറഞ്ഞു.






