തിരുവനന്തപുരം: ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്പനയില് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും.
മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നെയ്യ് പരിശോധനയില്ലാതെ കടത്തിവിട്ടെന്നും വിമര്‍ശനമുണ്ട്. അന്വേഷണത്തിനായി ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും വ്യക്തമാക്കി.
ശബരിമലയിലേയ്ക്കുള്ള മില്‍മയുടെ നെയ്യ് വിതരണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മില്‍മയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേല്‍ നഷ്ടമുണ്ടായതായുമാണ് റിപ്പോർട്ടില്‍ പറയുന്നത്.
സംഭവത്തില്‍ ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ആസൂത്രിത പങ്കാളിത്തമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
സാമ്പത്തിക ക്രമക്കേടുകള്‍, നിയമനങ്ങള്‍, കരാറുകള്‍ എന്നിവയെക്കുറിച്ചാണ് പ്രധാനമായും സമിതി അന്വേഷിച്ചത്. മന്ത്രി ആര് ബിന്ദു കൃഷ്ണയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം നടത്തിയത്.
നെയ്യ് വിതരണത്തിനുള്ള കരാർ ഘട്ടം മുതല്‍ ക്രമക്കേട് ആരംഭിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പത്തനംതിട്ട യൂണിറ്റില്‍ നിന്ന് പമ്പയിലേയ്ക്ക് നെയ്യ് എത്തിക്കുന്ന കരാറില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരേ വ്യക്തിക്ക് അനുകൂലമായി ടെൻഡർ ക്രമീകരിച്ചതായും റിപ്പോർട്ടില്‍ പറയുന്നു. തുടർന്ന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട ലോഡില്‍ മറ്റൊരിടത്ത് നിലവാരം കുറഞ്ഞ തമിഴ്നാട് നെയ്യ് ചേർത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.






