തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലിയില്‍ വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഓഫീസർമാർക്ക് സസ്പെൻഷൻ.
അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനില്‍കുമാർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി. മദ്യപിച്ച് ജോലിയില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് സസ്പെൻഷൻ.
മദ്യപിച്ച് ഓണം ആഘോഷിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ റൂറല്‍ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനില്‍ മിന്നല്‍ സന്ദർശനത്തിനെത്തിയപ്പോള്‍ ഒരാള്‍ ഇറങ്ങിയോടുകയായിരുന്നു. ഇതിനിടെ രണ്ട് പേർ സല്യൂട്ട് ചെയ്യാനും മറന്നു. പിന്നാലെയാണ് ജോലിയില്‍ വീഴ്ച വരുത്തിയ 3 പേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ എസ്പി ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്നാമൻ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. മറ്റു കേസുകളൊന്നും ഇല്ലാത്തതിനാല്‍ പൊലീസുകാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയില്ല.






