ഡൽഹി: ബലാത്സംഗക്കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാന്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സുപ്രീംകോടതി നിര്‍ദേശം.
കീഴടങ്ങല്‍ ഒഴിവാക്കണമെന്ന തരുണ്‍ തേജ്പാലിന്റെ അപേക്ഷ കോടതി തള്ളി. 2013ല്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് സുപ്രിംകോടതിയുടെ നടപടി.
ജസ്റ്റിസ് അലോക് ആരാധെയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. അപ്പീല്‍ പരിഗണിക്കുന്നതിന് മുമ്പ് തേജ്പാല്‍ കീഴടങ്ങല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. കീഴടങ്ങാതെ അപ്പീല്‍ പരിഗണിക്കുന്നതിനെ ഗോവ സര്‍ക്കാര്‍ എതിര്‍ത്തതിന് പിന്നാലെയാണ് സുപ്രിംകോടതി ഈ നിര്‍ദേശം നല്‍കിയത്. തരുണ്‍ ആദ്യം കീഴടങ്ങിയാല്‍ മാത്രമേ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കൂ എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ബലാത്സംഗക്കേസില്‍ ബോംബെ ഹൈക്കോടതി പത്ത് വര്‍ഷത്തെ തടവ് ശിക്ഷയാണ് തരുണിന് വിധിച്ചിരുന്നത്. ഇതിനെതിരെ തരുണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സെപ്റ്റംബര്‍ 22നകം കീഴടങ്ങണമെന്നാണ് കോടതിയുടെ നിര്‍ദേശം.
ഗോവയിലെ ഒരു ആഡംബര ഹോട്ടലിന്റെ ലിഫ്റ്റില്‍ വച്ച് തന്നെ തരുണ്‍ തേജ്പാല്‍ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു ഒരു വനിതാ മാധ്യമപ്രവര്‍ത്തയുടെ പരാതി. തരുണ്‍ രണ്ട് തവണ ഉപദ്രവിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിക്ക് പിന്നാലെ ഗോവ പൊലീസ് തരുണിനെ അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാതെ തരുണ്‍ നിരവധി മാസങ്ങള്‍ ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു.






