തൃക്കൊടിത്താനം: ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 23.52 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് കേസെടുത്തു.
2025 ഒക്ടോബർ 21-നാണ് തട്ടിപ്പിന്റെ തുടക്കം. ഫേസ്ബുക്കിൽ കേന്ദ്ര ധനകാര്യ മന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് പ്രചരിച്ച വ്യാജ വീഡിയോയിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് പരാതിക്കാരി രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം ആരംഭിച്ചത്.
തുടർന്ന് നെറ്റ് കോൾ വഴി പരാതിക്കാരിയെ ബന്ധപ്പെട്ട പ്രതി, താൻ പ്രോസ്ട്രെൻഡ് ട്രെഡിങ്എ ന്ന കമ്പനിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി. രജിസ്ട്രേഷൻ ഫീസായി 200 ഡോളറിന് തുല്യമായ 18,667 രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 80,000 രൂപ വരെ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു.
ഇത് വിശ്വസിച്ച് പണം നിക്ഷേപിച്ച യുവതിയെ, കൂടുതൽ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വീണ്ടും കബളിപ്പിക്കുകയായിരുന്നു. ഇപ്രകാരം 2025 നവംബർ 19 മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിൽ പല തവണകളായി ആകെ 23,52,809 രൂപ തട്ടിയെടുത്തു.
പരാതിക്കാരിക്ക് അന്യായ നഷ്ടവും പ്രതിക്ക് അന്യായ ലാഭവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രമുഖ വ്യക്തികളുടെ പേരും ചിത്രവും ഉപയോഗിച്ചുള്ള നിക്ഷേപ പരസ്യങ്ങൾ വ്യാജമായിരിക്കാം എന്നും, ഓൺലൈൻ ട്രേഡിംഗ്, ഷെയർ മാർക്കറ്റ്, ക്രിപ്റ്റോ കറൻസി തുടങ്ങിയവയിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ വൻ ലാഭം വാഗ്ദാനം ചെയ്യുന്നവരോട് ജാഗ്രത പാലിക്കണമെന്നും ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് എസ്. അറിയിച്ചു.
പരിചയമില്ലാത്ത വ്യക്തികൾ നൽകുന്ന ലിങ്കുകളിൽ പ്രവേശിക്കുകയോ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ കൈമാറുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുത്. സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈനിൽ ബന്ധപ്പെടുകയും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി നൽകുകയും ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.






