കൊച്ചി: എയിംസിനായി കോഴിക്കോടിന്റെ പേര് പറയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് കോഴിക്കോട് ആരാ പ്രഖ്യാപിച്ചതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
താൻ കോഴിക്കോട് പറഞ്ഞിട്ടില്ല. കോഴിക്കോട് പറയുകയുമില്ല എന്നാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
എയിംസിനായി എന്താണ് കോഴിക്കോട് പേര് പറയാത്തതെന്ന മാധ്യമ പ്രവര്ത്തകന് ചോദ്യത്തിന് അത് സിബിഐക്കാര് പിന്നെ പറയുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. കോഴിക്കോടാണ് എയിംസ് വരുന്നതെങ്കില്‍ അത് അംഗീകരിക്കാന്‍ മടിയില്ലെന്നായിരുന്നു നേരത്ത ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. എന്നാല്‍ അതിന് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം 2014ല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ നാല് സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സർക്കാർ വിശദമായ പ്രൊപ്പോസല്‍ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.
2017ല്‍ കോഴിക്കോട് ജില്ലയിലെ കിനാലൂരിലുള്ള കെ.എസ്.ഐ.ഡി.സിയുടെ ഭൂമി എയിംസിനായി ശുപാർശ ചെയ്തു. 2024 ഒക്ടോബറില്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് തത്വത്തിലുള്ള അംഗീകാരം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.






