തിരുവനന്തപുരം: ആവശ്യത്തിന് വേഗതയില്ലാത്തതിനെ തുടർന്ന് കേരളത്തില്‍ സർവീസ് നടത്തുന്ന ജനശതാബ്ദി ഉള്‍പ്പെടെയുള്ള പ്രമുഖ ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് റെയില്‍വേ.
തിരുവനന്തപുരം - കണ്ണൂർ, തിരുവനന്തപുരം - കോഴിക്കോട് എന്നീ റൂട്ടുകളില്‍ ഓടുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളുടെയും സൂപ്പർഫാസ്റ്റ് പദവിയാണ് ദക്ഷിണ റെയില്‍വേ ഒഴിവാക്കിയത്.
തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിയുടെ നമ്പർ 16380/79 എന്നും, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയുടെ നമ്പർ 16376/75 എന്നും മാറ്റപ്പെടും. പുതിയ മാറ്റങ്ങള്‍ 2027 ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും.
ജനശതാബ്ദികള്‍ക്ക് പുറമെ ലോകമാന്യതിലക് - തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം - പട്ന എന്നീ ട്രെയിനുകളും വരുന്ന ജനുവരി മുതല്‍ സാധാരണ എക്സ്പ്രസ് ട്രെയിനുകളായി മാറും.
ലോകമാന്യതിലക് - തിരുവനന്തപുരം നോർത്ത് ബൈ വീക്ക്ലി, യശ്വന്ത്പുര - തിരുവനന്തപുരം നോർത്ത് എന്നിവയുള്‍പ്പെടെ ആറ് ട്രെയിനുകളെ റെയില്‍വേ ഇതിനോടകം തന്നെ സൂപ്പർഫാസ്റ്റില്‍ നിന്ന് എക്സ്പ്രസ് ട്രെയിനുകളായി തരംതാഴ്ത്തിയിട്ടുണ്ട്.
സൂപ്പർഫാസ്റ്റ് സർചാർജ് ഒഴിവാകുന്നതോടെ ടിക്കറ്റ് നിരക്കുകളില്‍ കുറവുണ്ടാകുമെന്നത് യാത്രക്കാർക്ക് ആശ്വാസകരമാണ്. എന്നാല്‍, നിലവില്‍ത്തന്നെ പല സ്റ്റേഷനുകളിലും വൈകിയെത്തുന്ന ഈ ട്രെയിനുകള്‍ എക്സ്പ്രസ് പദവിയിലേക്ക് മാറുമ്പോള്‍ സർവീസുകള്‍ കൂടുതല്‍ വൈകുമോ എന്ന ആശങ്കയും യാത്രക്കാർ പങ്കുവെക്കുന്നുണ്ട്.
അതേസമയം, ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലെ മറ്റ് ഡിവിഷനുകളില്‍ സർവീസ് നടത്തുന്ന ആറ് എക്സ്പ്രസ് ട്രെയിനുകളെ സൂപ്പർഫാസ്റ്റ് പദവിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.






