ന്യൂഡൽഹി: വാർധക്യത്തിൽ മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കാതെ അവഗണിക്കുന്ന മക്കളെയും ബന്ധുക്കളെയും അവരുടെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാൻ വയോജന ട്രിബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുതിർന്നവർക്ക് സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നിരീക്ഷണങ്ങളാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അലോക് ആരാധെയും ഉൾപ്പെട്ട ബെഞ്ച് നടത്തിയത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി 2007-ൽ കൊണ്ടുവന്ന നിയമത്തിന്റെ ലക്ഷ്യം, വാർധക്യത്തിൽ അവഗണനയും അരക്ഷിതാവസ്ഥയും അപമാനവും നേരിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ നിയമം വ്യാഖ്യാനിക്കുമ്പോൾ മുതിർന്നവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉൾപ്പെടെയുള്ള തത്വങ്ങൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ഉത്തർപ്രദേശിൽ നിന്നുള്ള രവികാന്ത് ഗുപ്ത തന്റെ 81കാരിയായ മാതാവിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനായി നടത്തിയ നിയമപോരാട്ടമാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടലിലേക്ക് നയിച്ചത്. രവികാന്ത് ഗുപ്ത സ്വന്തമായി വാങ്ങിയ വീട്ടിലായിരുന്നു മകനും കുടുംബവും പ്രായമായ മാതാവും താമസിച്ചിരുന്നത്. എന്നാൽ പിന്നീട് കൊച്ചുമകനും ഭാര്യയും ചേർന്ന് മുത്തശ്ശിയെ വീട്ടിൽനിന്ന് മാറ്റി വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നാണ് പരാതി.തുടർന്ന് രവികാന്ത് ഗുപ്ത സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അധ്യക്ഷനായ മെയിന്റനൻസ് ട്രിബ്യൂണലിനെ സമീപിച്ചു. മകനെയും കുടുംബത്തെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടെങ്കിലും അലഹബാദ് ഹൈക്കോടതി പിന്നീട് ഈ ഉത്തരവ് റദ്ദാക്കി.
ഇതിനെതിരെയാണ് ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച പരമോന്നത കോടതി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും വൃദ്ധയായ മുത്തശ്ശിയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ കൊച്ചുമകനെയും ഭാര്യയെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു. മുതിർന്ന പൗരന്മാരുടെ സ്വത്തവകാശം സംരക്ഷിക്കുന്നതിനൊപ്പം അവരുടെ സുരക്ഷ, ബഹുമാനം, അന്തസ്സ് എന്നിവയും ഉറപ്പാക്കേണ്ടത് നിയമത്തിന്റെ പ്രധാന ലക്ഷ്യമാണെന്ന ശക്തമായ സന്ദേശമാണ് ഈ വിധിയിലൂടെ സുപ്രീം കോടതി നൽകുന്നത്.






