തിരുവനന്തപുരം: വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖത്തിന്റെ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. മുഖ്യമന്ത്രി വിഡി സതീശന് ആദ്യ എക്സിം കണ്ടെയ്നര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. കൂടാതെ പ്രതിപക്ഷനേതാവ് പിണറായി വിജയനും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ വിവി രാജേഷും പരിപാടിയില്‍ നിന്നും വിട്ടുനിന്നു. വന്ദേമാതരം ആലപിക്കാത്തതിലെ അതൃപ്തി മൂലമാണ് കേന്ദ്രമന്ത്രി പരിപാടി ബഹിഷ്കരിച്ചതെന്നാണ് വിവരം. എന്നാല്‍ കേന്ദ്രമന്ത്രി പങ്കെടുക്കാത്തത് കൊണ്ടാണ് പരിപാടിക്കെത്താതിരുന്നതെന്നും ഓണപ്പരിപാടികളുടെ തിരക്ക് ഉണ്ടായിരുന്നുവെന്നുമാണ് വിവി രാജേഷ് അറിയിച്ചത്.
അതേസമയം ലോകത്തിലേക്കുള്ള വികസന കവാടമാണ് തുറന്നിരിക്കുന്നതെന്ന് ഫ്ളാഗ് ഓഫ് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് എങ്ങനെ പ്രയോജനപ്പെടുത്തണം എന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. റോഡ്-റെയില്‍ കണക്ടിവിറ്റി പത്ത് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയെങ്കില്‍ 100 ഇരട്ടി വരുമാനം കിട്ടിയേനെ. ഭൂമി ഏറ്റെടുക്കുന്നത് വളരെ വേഗത്തില്‍ ആക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ എക്സിം ചരക്ക് നീക്കത്തിലൂടെ വ്യാപാര-വ്യവസായ വളർച്ച മാത്രമല്ല സാധാരണക്കാരുടെ ജീവിതത്തിലും വൻ കുതിപ്പ് ഉണ്ടാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഴിഞ്ഞം ഇന്ത്യയും ലോകവും തമ്മിലുള്ള ഗേറ്റ് വേ ആയി മാറിയെന്ന് അദാനി പോർട്ട് സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു.






