തിരുവനന്തപുരം: കേരള പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി. വിവാദങ്ങളെത്തുടര്‍ന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്. അജിത് കുമാറിന് സര്‍വീസില്‍ നിന്ന് സസ്പെന്ഷന് നേരിടേണ്ടി വന്നതും തുടര്‍ന്നുണ്ടായ നിയമപരമായ തിരിച്ചടികളുമാണ് ഉന്നതതലത്തില്‍ പുതിയ അഴിച്ച് പണികൾക്ക് വഴിവെച്ചത്.
മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് നിഥിന് അഗര്‍വാള്‍ വിരമിക്കുന്നതോടെ ഒഴിവുവരുന്ന സ്ഥാനത്തേക്ക് പ്രമോഷന് ലഭിച്ച് എസ്. ശ്രീജിത്ത് ഐ.പി.എസിന് ഡി.ജി.പി റാങ്ക് ലഭിക്കുമെന്ന് ഉറപ്പായി.
സീനിയോറിറ്റിയില്‍ മുന്നിലുള്ള സുരേഷ് രാജ് പുരോഹിത് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ കേന്ദ്ര സര്‍വീസില്‍ തുടരുന്നതിനാലാണ് കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ തിളങ്ങിയ എ.ഡി.ജി.പി എസ്. ശ്രീജിത്തിന് സംസ്ഥാന പോലീസിന്റെ പരമോന്നത പദവിയിലേക്കുള്ള വഴി തെളിഞ്ഞത്. നിഥിന് അഗര്‍വാള്‍ വിരമിക്കുന്നതോടെ റവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എസ്. ശ്രീജിത്ത് എന്നിവര്‍ ഡി.ജി.പി റാങ്കുകാരാകും. അതായത് കേരളാ പോലീസിലെ ആദ്യ നാലുപേരില്‍ ഒരാളായി ശ്രീജിത്ത് മാറും.
കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വ്യാജ ആരോപണങ്ങളാലും വേട്ടയാടലുകളാലും പരീക്ഷിക്കപ്പെടുകയും എന്നാല്‍ അതിനെയെല്ലാം സ്വന്തം ആത്മാര്‍ത്ഥത കൊണ്ടും കഠിനാധ്വാനം കൊണ്ടും അതിജീവിക്കുകയും ചെയ്ത ഓഫീസറാണ് കോഴിക്കോട് സ്വദേശിയായ എസ്. ശ്രീജിത്ത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, യാതൊരുവിധ ഐ.പി.എസ് പാരമ്പര്യവുമില്ലാതെ എത്തിയ അദ്ദേഹം കഠിനപ്രയത്നം ഒന്നുകൊണ്ടു മാത്രമാണ് സംസ്ഥാന പോലീസിന്റെ അമരത്തേക്ക് വന്നെത്തിനില്‍ക്കുന്നത്.
പഠനകാലത്ത് വെറുമൊരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു ശ്രീജിത്ത്. പ്രീഡിഗ്രിക്ക് ലഭിച്ചത് വെറും 52 ശതമാനം മാര്‍ക്ക് മാത്രമായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ ഇംപ്രൂവ് ചെയ്തപ്പോള്‍ കിട്ടിയതാകട്ടെ 51 ശതമാനവും. ചേളന്നൂര്‍ എസ്.എന്‍ കോളജില്‍ ബി.എസ്.സി മാത്സിന് ചേര്‍ന്നപ്പോഴും കലയിലും സാഹിത്യത്തിലുമായിരുന്നു താല്പര്യം. ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായിരുന്ന അദ്ദേഹം മികച്ചൊരു വയലിനിസ്റ്റ് കൂടിയായിരുന്നു.
എന്നാല്‍, മുന്‍ കളക്ടറും കവിയുമായ കെ. ജയകുമാര്‍ സംഘടിപ്പിച്ച സിവില്‍ സര്‍വീസ് സെമിനാറാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ആത്മവിശ്വാസം വീണ്ടെടുത്ത് ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം, ആകാശവാണിയിലും കസ്റ്റംസിലും ജോലി ചെയ്ത ശേഷം 1996-ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പരീക്ഷയായ സിവില്‍ സര്‍വീസ് പാസ്സായി ഐ.പി.എസ് നേടി.
1998-ല്‍ കുന്ദംകുളം എ.എസ്.പി ആയി സര്‍വീസ് ആരംഭിച്ച അദ്ദേഹം വടകരയിലും തലശ്ശേരിയിലും പ്രവര്‍ത്തിച്ചു. 1999 സെപ്റ്റംബര്‍ 27-ന് തലശ്ശേരിയില്‍ വെച്ചുണ്ടായ രാഷ്ട്രീയ അക്രമത്തില്‍ ബോംബേറിന് ഇരയായി. സംസ്ഥാനത്ത് ബോംബാക്രമണത്തിന് ഇരയാകുന്ന ആദ്യ ഐ.പി.എസ് ഓഫീസറായിരുന്നു അദ്ദേഹം. 14 സര്‍ജറികളിലൂടെയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ജീവനും കാലുകളും വീണ്ടെടുത്തത്.
നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചതോടെ ശത്രുക്കളും വ്യാജ ആരോപണങ്ങളും അദ്ദേഹത്തെ തേടിയെത്തി. എറണാകുളത്തും കോട്ടയത്തും സേവനമനുഷ്ഠിക്കുമ്പോള്‍ ഹൈദരാബാദില്‍ ട്രെയിനിംഗിലായിരുന്ന ശ്രീജിത്തിനെതിരെ വ്യാജ പീഡന ആരോപണങ്ങള്‍ വരെ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ വസ്തുതകള്‍ നിരത്തി ചാനലുകളില്‍ നേരിട്ടെത്തി സത്യം ബോധ്യപ്പെടുത്താന്‍ അദ്ദേഹം മടിച്ചില്ല. കേന്ദ്ര വിജിലന്‍സ് കമ്മീഷന് വരെ അന്വേഷിച്ച് അദ്ദേഹം പൂര്‍ണ്ണ കുറ്റവിമുക്തനാണെന്ന് സാക്ഷ്യപ്പെടുത്തി.
പാലത്തായി കേസ്, നടി ആക്രമിക്കപ്പെട്ട കേസ്, ചുംബന സമരക്കാരുടെ അറസ്റ്റ് തുടങ്ങി നിരവധി വിവാദ കേസുകള്‍ അന്വേഷിച്ചപ്പോഴും നീതിയുക്തമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. മൂകാംബികാ ദേവിയുടെ തീവ്ര ഭക്തനായ അദ്ദേഹം, ജോലിയിലെ തിരക്കുകള്‍ക്കിടയിലും അമ്മ നല്കിയ സംസ്കാരം കാത്തുസൂക്ഷിക്കുന്നു. അമ്മ സുഭദ്രാമ്മയുടെ പേരിന്റെ ആദ്യ അക്ഷരമായ 'എസ്' ആണ് തന്റെ പേരിനൊപ്പം ഉപയോഗിക്കുന്നത്.
2018-ല്‍ ശബരിമല യുവതി പ്രവേശന വിവാദകാലത്ത്, ക്രമസമാധാന പാലനത്തിന്റെ ഭാഗമായി എത്തിയെങ്കിലും, ആക്ടിവിസ്റ്റുകളെ തിരികെ അയച്ച ശേഷം പതിനെട്ടാം പടിയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു തൊഴുത് മലയിറങ്ങിയ ചിത്രം മലയാളികള്‍ മറന്നിട്ടില്ല.






