പാലാ: പൈകയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് വ്യാജമദ്യ വില്പനയും സാമൂഹ്യ വിരുദ്ധ ശല്യവും വ്യാപകമാകുന്നു. പൈക, പൂവരണി, വഞ്ചിമല, ഇടമറ്റം, വിളക്കുംമരുത്, കൊച്ചുകൊട്ടാരം, തമ്പലക്കാട്, മല്ലികശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാജമദ്യ സംഘങ്ങള്‍ തഴച്ചുവളരുന്നത്.
ഓണക്കാലം ലക്ഷ്യമിട്ട് വൻതോതില്‍ വ്യാജ മദ്യം ഇക്കൂട്ടർ നിർമ്മിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. സ്ഥിരമായി മദ്യവില്പന നടക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിട്ടും എക്സൈസ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി.
ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സംഘങ്ങള്‍ പ്രദേശത്ത് സജീവമായി പ്രവർത്തിക്കുന്നതെന്ന ഗുരുതരമായ ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്. ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.
വ്യാജമദ്യ സംഘങ്ങളെയും മയക്കുമരുന്ന് മാഫിയയെയും അടിച്ചമർത്താൻ ശക്തമായ പരിശോധന നടത്താനും എക്സൈസ് വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






