കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു.
കോരുത്തോട് സ്കൂളിലെ താരമാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയ എല്ലുപരിശോധനയില് പരാജയപ്പെട്ടത്. 14 വയസ്സിന് താഴെയുള്ളവർ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് വ്യാജ പ്രായം കാണിച്ച് താരം പങ്കെടുത്തത്.
എന്നാല്‍, മെഡിക്കല്‍ റിപ്പോർട്ട് പ്രകാരം താരത്തിന് 15-നും 18-നും ഇടയില്‍ പ്രായമുണ്ടെന്ന് തെളിഞ്ഞു. സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.
ഈ വർഷം ഉത്തർപ്രദേശില്‍ നിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റർ, 400 മീറ്റർ, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററില്‍ സ്വർണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു.
താരത്തിന് രണ്ട് ആധാർ കാർഡുകള്‍ ഉണ്ടെന്ന് ആരോപിച്ച് മാർ ബേസില്‍, ഐഡിയല്‍ സ്കൂളുകളാണ് പരാതി നല്‍കിയത്. തട്ടിപ്പ് തെളിഞ്ഞതില്‍ സന്തോഷമെന്ന് പരാതിക്കാരിയായ കോതമംഗലം മാർ ബേസില്‍ സ്കൂള്‍ അധ്യാപിക ഷിബി മാത്യു പറഞ്ഞു.
മത്സരിച്ച മറ്റ് കുട്ടികളുടെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം. പരിശോധന നടത്താൻ തയാറായ സർക്കാറിന് നന്ദിയുണ്ടെന്നും ഷിബി പറഞ്ഞു.
ഈ ഇനത്തില്‍ മാത്രമല്ല, ജൂനിയർ ആണ്‍കുട്ടികളുടെ 400 മീറ്റർ, 600 മീറ്റർ, ജൂനിയർ ആണ്‍കുട്ടികളുടെ ലോങ് ജംപ് എന്നീ ഇനങ്ങളിലും പ്രായത്തട്ടിപ്പ് പരാതിയുയർന്നിരുന്നു. ഈ വിദ്യാർത്ഥികളുടെ ബോണ്‍ ടെസ്റ്റ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.






