കോട്ടയം: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചതോടെ ഹോട്ടല്‍ മേഖലയ്ക്കു വീണ്ടും തിരിച്ചടി. 19 കിലോഗ്രാം സിലിണ്ടറിനു 12.50 രൂപയാണ് ഇന്നലെ വര്‍ധിപ്പിച്ചത്.
എന്നാല്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
വിലവര്‍ധനയോടെ കോട്ടയത്ത് ഒരു സിലിണ്ടറിന് 2,840 രൂപയില്‍ കൂടുതലാകുമെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്നലെ ഞായറാഴ്ചയായതിനാല്‍ പുതിയ സിലിണ്ടറുകളുടെ വിതരണം ഉണ്ടായിരുന്നില്ല. ഇന്നു രാവിലെ മുതല്‍ സിലിണ്ടര്‍ വിതരണം ആരംഭിക്കുമ്പോഴേ വില കൃത്യമായി അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ഹോട്ടല്‍ വ്യാപാരികള്‍ പറഞ്ഞു.
കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 80 രൂപ വര്‍ധിപ്പിച്ചിരുന്നു. രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയും മറ്റ് വിപണി സാഹചര്യങ്ങളും പരിഗണിച്ച് എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്കരിക്കുന്നത്.
പുതിയ വിലവര്‍ധന ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, തട്ടുകടകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാകും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില തുടര്‍ച്ചയായി വര്‍ധിക്കുന്നതാണ് വിലക്കയറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മാസങ്ങള്‍ക്കു മുമ്പുണ്ടായ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സിലിണ്ടറുകളുടെ വലിയ വിലക്കയറ്റവും ക്ഷാമവും ജില്ലയിലെ ഹോട്ടല്‍, റസ്റ്ററന്റ് മേഖലയെ വലിയ തോതില്‍ ബാധിച്ചിരുന്നു. പല ഹോട്ടലുകളും വിഭവങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ഇക്കാലയളവില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയത്. ചിലയിനങ്ങൾക്ക് വില വർധിപ്പിക്കുകയും ചെയ്തിരുന്നു.
സിലിണ്ടര്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി തട്ടുകടകളും ഹോട്ടലുകളും അടച്ചുപൂട്ടുകയും ചെയ്തിരുന്നു. വില വര്‍ധന ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വീണ്ടും ഉയരാന്‍ ഇടയാക്കുമോ എന്ന ആശങ്കയും സാധാരണക്കാര്‍ക്കുണ്ട്.






