ഹാമില്ടണ്: ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരമായിരുന്നു ഇന്നലെ. മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപ്പെടുത്തിയിരുന്നു.
കളിയില്‍ തോറ്റെങ്കിലും ആദ്യ മൂന്ന് മത്സരങ്ങളില്‍ ജയിച്ച ഇന്ത്യ 3-2ന് പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തിലും പ്ളേയിംഗ് ഇലവനില്‍ കൗമാര താരം വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്താത്തതിന് നിരവധി ആരാധകരാണ് പ്രതിഷേധിച്ചത്.
15കാരനായ താരം ഈ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് നേരെയും വിമർശകർ വിരല്‍ ചൂണ്ടിയിരുന്നു. ഇതിനെതിരെ കഴിഞ്ഞദിവസം മത്സരത്തിന് മുൻപ് ശക്തമായ രീതിയിലാണ് ഗംഭീർ പ്രതികരിച്ചത്. തന്റെ ജോലി ശരിയായ ആളെ തിരഞ്ഞെടുക്കുകയാണെന്നും എല്ലാവരെയും സന്തോഷിപ്പിക്കലല്ലെന്നുമാണ് ഗംഭീറിന്റെ വാദം. 'ആദ്യം തന്നെ പറയട്ടെ. എന്റെ ജോലി എല്ലാവരെയും സന്തോഷിപ്പിക്കലല്ല, ശരിയായ തീരുമാനം എടുക്കുക എന്നതാണ്. എല്ലാവരും പറയുന്ന തീരുമാനം എടുക്കുകയല്ല. അതിനാണ് ഞാനാ സ്ഥാനത്തുള്ളത്.'- എന്നാണ് ഗംഭീർ വ്യക്തമാക്കിയത്.






