റിയാദ് : സൗദി അറേബ്യയിലെ മക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കോട്ടയം സ്വദേശിനികളായ രണ്ടു നഴ്സുമാരുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. സൗദിയിലെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇരുവരുടേയും മൃതദേഹം നാട്ടിലെത്തിക്കൂ. നടപടികള്‍ പൂര്‍ത്തിയാകാന്‍ ഏകദേശം 15 ദിവസമെടുക്കുമെന്നാണ് വിവരം.
കിടങ്ങൂര്‍ മറ്റത്തില്‍ വീട്ടില്‍ ഫ്രെഡി ജോസിന്റെ ഭാര്യ ജെയ്സിമോള്‍ മാത്യു(46), കോട്ടയം വേദിരി ആനചെരിഞ്ഞകുന്നേല്‍ ജോണിയുടെ മകള്‍ ജോബിന ജോണി(26) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരായ രണ്ടു തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി ജഗദീഷ് (36), തഞ്ചാവൂര്‍ പട്ടുക്കോട്ടെ സ്വദേശിനി ഹെപ്സിബ ദേവമണി (33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് അപകടത്തില്‍ മരിച്ചത്.
സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള തായിഫ് ഗവര്‍റേറ്റിലെ അല്‍ ഗഫ, അല്‍ അവെയ്ല സര്‍ക്കാര്‍ ഡിസ്പെന്‍സറികളിലെ ജീവനക്കാരായിരുന്നു നാലുപേരും. സാധനങ്ങള്‍ വാങ്ങുന്നതിനായി മക്ക പ്രവിശ്യയിലെ തായിഫ് റാനിയയിലേക്കു പോകുന്നതിനിടെയാണ് അപകടം.






