നൂഹ്: നിശ്ചയിച്ച സമയത്തിനുള്ളില്‍ ഉദ്ദേശിച്ച പണം പിരിഞ്ഞുകിട്ടിയില്ല. ജീവനോടെ കുഴിച്ചിട്ട സർക്കസുകാരനെ പുറത്തെടുക്കാൻ വൈകി.
27കാരനായ തെരുവ് സർക്കസുകാരന് ദാരുണാന്ത്യം. ചാക്കിനുള്ളില്‍ കെട്ടി കുഴിയില്‍ ഇറക്കിയ സർക്കസുകാരനായ 27കാരനെ പുറത്തെടുത്തത് മൂന്ന് ദിവസം കഴിഞ്ഞ്. ഹരിയാനയിലെ നൂഹിലാണ് സംഭവം. നിരവധി തവണ ഈ സർക്കസ് വിദ്യ ചെയ്തിട്ടുള്ള 27കാരനാണ് ശ്വാസം മുട്ടി മരിച്ചത്. ഫരീദാബാദിലെ ഗോഞ്ചി സ്വദേശിയായ ദീപക് എന്ന 27കാരനാണ് മരിച്ചത്.
ലൈവ് സമാധി എന്ന സർക്കസ് വിദ്യയില്‍ ഉദ്ദേശിച്ച പണം പിരിഞ്ഞ് കിട്ടാതെ വന്നതാണ് 27കാരനെ പുറത്തെടുക്കുന്നതില്‍ കാലതാമസം ഉണ്ടാവാൻ കാരണമായത്. ജൂലൈ 23നായിരുന്നു യുവാവ് ലൈവ് സമാധിയിലേക്ക് കയറിയത്.
യുവാവും കുടുംബവും 15 വർഷത്തോളമായി സർക്കസ് നടത്തിയാണ് ഉപജീവനം നടത്തുന്നത്. നൂഹ് ജില്ലയിലെ തൌറുവിലെ ഒഴിഞ്ഞ സ്ഥലത്ത് ആയിരുന്നു യുവാവ് അവസാനമായി സർക്കസ് അവതരിപ്പിച്ചത്. ദിവസങ്ങളോളം വിവിധ സൈക്കിള്‍ അഭ്യാസങ്ങള്‍ നടത്തി ആളുകളെ അമ്പരപ്പിച്ച വ്യക്തിയായിരുന്നു ദീപക്. 7100 രൂപ പിരിഞ്ഞ് കിട്ടുവരെ സർക്കസുകാരൻ ലൈവ് സമാധിയില്‍ തുടരുമെന്ന നിബന്ധനയാണ് യുവാവിന്റെ ജീവനെടുത്തത്.
സാധാരണ ഗതിയില്‍ 24മണിക്കൂറിനുള്ളില്‍ യുവാവിനെ ലൈവ് സമാധിയില്‍ നിന്ന് പുറത്ത് എടുക്കാറുണ്ട്. എന്നാല്‍ നൂഹില്‍ നടന്ന പരിപാടിയില്‍ ഇത് മൂന്ന് ദിവസം വേണ്ടി വന്നതോടെയാണ് യുവാവ് ശ്വാസം മുട്ടി മരിച്ചത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






