മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെയും രാഷ്ട്രീയ പ്രതിരോധത്തിലെയും വീഴ്ചകളാണെന്ന് പരസ്യമായി സമ്മതിച്ച് മുൻ സ്പീക്കർ എ.എൻ.
ഷംസീർ. മലപ്പുറം കാളികാവില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പോരായ്മകള്‍ തുറന്നുപറഞ്ഞത്. ഈ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പൂർണ്ണമായി പാളിയെന്ന് ഷംസീർ വ്യക്തമാക്കി. എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തില്‍ പാർട്ടിയുടെ പ്രതിരോധം ശക്തമായില്ലെന്നും, അത് വേണ്ടത്ര ശക്തിയോടെ ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും അദ്ദേഹം സ്വയംവിമർശനം നടത്തി.
കൂടാതെ, സർക്കാരിന്റെ നേതൃത്വത്തില്‍ നടന്ന അയ്യപ്പസംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ഒഴിവാക്കേണ്ടിയിരുന്ന ഗൗരവമായ തെറ്റാണെന്നും ഷംസീർ സമ്മതിച്ചു. "ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാർ. സഖാക്കളേ, നിങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആ തെറ്റ് ഞങ്ങള്‍ തിരുത്തുന്നു. പോരായ്മകള്‍ പരിഹരിച്ച് വർധിത വീര്യത്തോടെ ഞങ്ങള്‍ തിരിച്ചുവരും," അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഷംസീറിന്റെ ഈ വെളിപ്പെടുത്തലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവരെ സൈബർ ലോകത്ത് വേട്ടയാടിയതും, മാധ്യമങ്ങളെ അധിക്ഷേപിച്ചതും പാർട്ടി മറന്നോ എന്ന് ചോദിച്ചുകൊണ്ട് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.






