കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയിലെ നാഷണല്‍ കോണ്‍ഫറൻസിന്റെ പോസ്റ്ററില്‍ പാറ്റയുടെ പടം വെച്ചതില്‍ കടുത്ത നടപടിയിലേക്ക് വൈസ് ചാൻസലർ.
വിവാദ ചിത്രങ്ങള്‍ മാറ്റിയില്ലെങ്കില്‍ നാഷണല്‍ കോണ്‍ഫറൻസിന് അനുവദിച്ച പണം തിരികെപിടിക്കുമെന്നാണ് വിസിയുടെ മുന്നറിയിപ്പ്. എന്നാല്‍ വിസിയുടെ നിർദ്ദേശങ്ങള്‍ ഒന്നും അംഗീകരിക്കില്ലെന്നാണ് സർവകലാശാല യൂണിയന്റെ നിലപാട്
മഹാത്മഗാന്ധി സർവകലാശാലയിലും വൈസ് ചാൻസലറും വിദ്യാർത്ഥി യൂണിയനും തമ്മിലുള്ള പോര് മുറുകുന്നു. അടുത്തയാഴ്ച നടക്കുന്ന നാഷണല്‍ കോണ്‍ഫറൻസിന്റെ പ്രചരണ സാമഗ്രികളില്‍ പാറ്റയുടെ ചിത്രങ്ങളും സംഘപരിവാർ വിരുദ്ധ വാചകങ്ങളും ഉള്‍പ്പെടുത്തിയതാണ് വൈസ് ചാൻസലർ ഡി മാവൂദിനെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ വച്ചതിന് പിന്നാലെ തന്നെ എല്ലാം നീക്കം ചെയ്യണമെന്ന സർക്കുലർ വിസി പുറത്തിറക്കിയിരുന്നു. എന്നാല്‍ വിസിയുടെ സർക്കുലർ തള്ളി വിദ്യാർത്ഥി യൂണിയനും എസ്എഫ്ഐയും കൂടുതല്‍ പോസ്റ്ററും ഫ്ലെക്സും സ്ഥാപിച്ചു. ഇതോടെയാണ് വൈസ് ചാൻസലർ വീണ്ടും നിലപാട് കടുപ്പിക്കുന്നത്.
സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ചാണ് നാഷണല്‍ കോണ്‍ഫറൻസ് നടത്തുന്നത്. 375000 രൂപ ആകെ അനുവദിച്ചു. ഇതില്‍ 281000 രൂപ വിദ്യാർത്ഥി യൂണിയന് കൈമാറി. ഈ പണം തിരികെ പിടിക്കുമെന്നാണ് രജിസ്ട്രാർ സർവകലാശാല യൂണിയന് നല്കിയ കത്തില്‍ പറയുന്നത്. എംജി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് കോഡ് ഓഫ് കണ്ടക്ടിന്റെ ലംഘനമാണ് സർവകലാശാല യൂണിയല്‍ നടത്തിയതെന്നും വിസി. എന്നാല്‍ വിസിയുടെ നിർദേശങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥി യൂണിയൻ. സർവകലാശാല യൂണിയൻ ഫണ്ട് എന്ന പേരില്‍ വിദ്യാർത്ഥികളില്‍ നിന്ന് പിരിച്ച പണമാണ് ഇതെന്നും ഭാരവാഹികള്‍ പറയുന്നു. രജിസ്ട്രാർ അയച്ച കത്തിനും സർവകലാശാല യൂണിയൻ മറുപടി നല്കി.






