താരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു ഉന്നയിച്ച കോഴ ആരോപണത്തില്‍ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും.
സംഭവത്തില്‍ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് എക്സൈസ് വകുപ്പിന്റെ ശുപാർശ.
അതേസമയം, പുതിയ എക്സൈസ് കമ്മീഷണറെ നിയമിക്കാനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കി.
പദവി ഒഴിയുന്നതിന് മുൻപ് മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ കോഴ ആരോപണങ്ങളുള്ളത്.
സെൻട്രല്‍ എക്സൈസ് ജോയിന്റ് കമ്മീഷണർ എസ്. വിനോദ്, ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ. അജയ് എന്നിവർ ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന വിവരമാണ് റിപ്പോർട്ടിലുള്ളത്. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നാണ് എക്സൈസ് വിജിലൻസ് വിഭാഗത്തിന്റെ വിലയിരുത്തല്‍.
അന്വേഷണം വൈകിയാല്‍ അഴിമതിക്കാർക്കൊപ്പം സർക്കാർ നില്‍ക്കുകയാണെന്ന വിമർശനം പ്രതിപക്ഷം ഉയർത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ എക്സൈസ് വകുപ്പ് നീക്കം നടത്തുന്നത്.






