നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവിധായകൻ അഖില്‍ മാരാർ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി ട്വന്റി ട്വന്റി പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ്. അഖിലിന്റെ പ്രസ്താവനകള്‍ വസ്തുതാ വിരുദ്ധമാണെന്ന് സാബു ജേക്കബ് വ്യക്തമാക്കി.
2015 മുതല്‍ പഞ്ചായത്ത്, നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മുഴുവൻ സ്ഥാനാർഥികളുടെയും സമ്പൂർണ ചെലവുകളും പാർട്ടിയാണ് വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ച 19 സ്ഥാനാർഥികളുടെയും മുഴുവൻ ചെലവുകളും പാർട്ടി തന്നെ വഹിച്ചു.
ഒരു രൂപ പോലും സ്വന്തം നിലയ്ക്ക് സ്ഥാനാർഥികള്‍ മുടക്കേണ്ടി വന്നിട്ടില്ലെന്നും സാബു ജേക്കബ് പ്രസ്താവനയില്‍ അറിയിച്ചു.
കൊട്ടാരക്കര സീറ്റില്‍ മത്സരിക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ചാണ് അഖില്‍ മാരാർ പാർട്ടിയിലേക്ക് വന്നതെന്ന് സാബു ജേക്കബ് പറഞ്ഞു.
എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ചില പ്രത്യേക സാഹചര്യങ്ങളില്‍ ആ സീറ്റ് ലഭിക്കാതെ പോയി. അതിന് പകരമായാണ് അഖിലിന് തൃക്കാക്കര സീറ്റ് പാർട്ടി നല്‍കിയത്.
"തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കാൻ അഖിലിന് താല്‍പ്പര്യമില്ലായിരുന്നുവെങ്കില്‍ മത്സരിക്കേണ്ടിയിരുന്നില്ല. പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവർക്ക് പറ്റിയ ഒരു പ്രസ്ഥാനമല്ല ട്വന്റി ട്വന്റി" എന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
തൃക്കാക്കരയില്‍ സ്ഥാനാർഥിയായിരുന്നു എന്നതിനപ്പുറം അഖില്‍ പാർട്ടിയുടെ ബൂത്ത് മുതല്‍ സംസ്ഥാനം വരെയുള്ള ഒരു ഘടകത്തിന്റെയും ഭാരവാഹിയല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘടനാ സ്വാതന്ത്ര്യം ഇല്ലെന്ന് ആരോപിച്ചായിരുന്നു ട്വന്റി ട്വന്റി പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അഖില്‍ മാരാർ പ്രഖ്യാപിച്ചത്. പാർട്ടിക്കും സാബു എം. ജേക്കബിനുമെതിരെ അദ്ദേഹം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് ബിജെപി നല്കിയ പണം സാബു ജേക്കബ് സ്ഥാനാർഥികള്‍ക്ക് നല്‍കിയില്ല എന്നതായിരുന്നു പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്കായി ബിജെപി നേതൃത്വം നല്കിയ 40 കോടിയോളം രൂപ സാബു ജേക്കബ് ഒറ്റയ്ക്കെടുത്തെന്നും അഖില്‍ ആരോപിച്ചു.
സീറ്റ് വാഗ്ദാനം മുതല്‍ തന്നോട് അനീതി കാട്ടുകയായിരുന്നുവെന്നും സ്വതന്ത്രനായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഖില്‍ മാരാർ പറഞ്ഞിരുന്നു. ട്വന്റി ട്വന്റിയും അഖില്‍ മാരും തമ്മിലുള്ള പോര് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സാബു ജേക്കബിന്റെ വിശദീകരണം രാഷ്ട്രീയമായി ശ്രദ്ധേയമാവുകയാണ്






