ചങ്ങനാശ്ശേരി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വലിയകുളം ഭാഗത്തു നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശ് ജി എൽ ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
വലിയകുളം ഏനാച്ചിറ റോഡിൽ പുതുച്ചിറ സാംസ്കാരിക നിലയത്തിന് ഏകദേശം 100 മീറ്റർ മുന്നിലായാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. റോഡിന്റെ കിഴക്കരികിൽ സ്ഥിതി ചെയ്യുന്ന അടഞ്ഞുകിടക്കുന്ന കടമുറിയുടെ സമീപത്തായിരുന്നു കഞ്ചാവ് ചെടികൾ.
88 cm 48 സെൻറീമീറ്റർ 43 cm എന്നിങ്ങനെ ഉയരമുള്ള 3 കഞ്ചാവ് ചെടികളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ ആദർശിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ബിനോയി കെ മാത്യു, ആൻറണി മാത്യു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ ലാലു തങ്കച്ചൻ, രതീഷ് കെ നാണു, സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ആർഎസ്, എസ് വിശാഖ് വനിത ഓഫീസർ ആയ ശ്രീമതി സോണിയ പിവി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.






